ഇന്ത്യൻ സ്കൂൾ ബോർഡിന് 20 കോടിയിലധികം ഇന്ത്യൻ രൂപ പിഴയിട്ട് കോടതി.
ഒമാൻ:ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന് 20 കോടിയിലധികം ഇന്ത്യൻ രൂപ പിഴയിട്ട് കോടതി.
ബർക്കയിൽ സ്കൂൾ കെട്ടിടം നിർമിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതിന്നാണ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന് 949,659.200 റിയാൽ (20 കോടിയിലധികം ഇന്ത്യൻ രൂപ) ഒമാൻ കോടതി പിഴയിട്ടത്
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പിഴ ഇനത്തിൽ ഇത്രയും തുക അടയ്ക്കേണ്ടി വരുന്നതോടെ ഫീസ് ഇനത്തിലും മറ്റുമായി വിദ്യാർഥികളിൽ നിന്ന് കൂടുതൽ തുക സ്കൂളുകൾ ഫീസായി ഈടാക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
ബർകയിൽ ഇന്ത്യൻ സ്കൂൾ ആരംഭിക്കുന്നതിനായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമിച്ച് നൽകുന്നതിന് കെട്ടിട ഉടമയുമായുള്ള ലീസ് ഹോൾഡ് കരാർ ലംഘിച്ചതിനാണ് കോടതി പിഴ ചുമത്തിയത്.
ബർക്കക്കടുത്ത് അൽ ജനീന പ്രദേശത്ത് സ്കൂളിന് ആവശ്യമായ കെട്ടിടം നിർമിക്കുകയും, ബന്ധപ്പെട്ട അനുമതികൾ നേടുകയും ചെയ്ത് കൈമാറുന്നതിനായിരുന്നു കെട്ടിട ഉടമയുമായി 2015ൽ സ്കൂൾ ബോർഡ് കരാർ ഒപ്പിട്ടത്. ഇതു പ്രകാരം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുകയും മറ്റും ചെയ്തെങ്കിലും കരാറിൽ നിന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് പിന്മാറുകയായിരുന്നു. ഇതോടെ കെട്ടിട ഉടമ കോടതിയെ സമീപിച്ചു.
വർഷങ്ങളുടെ നിയമ വ്യവഹാരത്തിനു ശേഷമാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. 20 വർഷത്തേക്ക് കണക്കാക്കിയ ലീസ് ഹോൾഡ് കരാർ ലംഘിക്കപ്പെട്ടുവെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്രയും തുക നഷ്ടപരിഹാരം നൽകാൻ വിധിച്ചിരിക്കുന്നത്. പിഴ തുകക്ക് പുറമെ കേസ് നടത്തിപ്പ് ചെലവുകളും നൽകേണ്ടതുണ്ട്.
അതേസമയം, ഇത്രയും പണം ഇന്ത്യൻ സ്കൂൾ ബോർഡിന്റെ ഖജനാവിൽ നിന്നും നൽകേണ്ട സ്ഥിതിയാണുള്ളത്. തുക കണ്ടെത്തേണ്ട ഭാരം വിദ്യാർഥികളിലേക്ക് വന്നാൽ അത് രക്ഷിതാക്കൾക്ക് വലിയ തിരിച്ചടിയാകും. ഒമാനില് 22 ഇന്ത്യൻ സ്കൂളുകളിലായി 47,000ൽ പരം വിദ്യാർഥികളാണ് ബോർഡിന് കീഴിൽ പഠനം നടത്തുന്നത്.
ഭീമമായ തുക ബോർഡ് തന്നെ അടയ്ക്കേണ്ടതിനാൽ ഈ സാമ്പത്തിക ഭാരം വിദ്യാർഥികളെ ബാധിക്കുമെന്നതാണ് ആശങ്ക. ഇന്ത്യൻ സ്കൂളുകൾ വിദ്യാർഥികളിൽ നിന്നും വലിയ തുകയാണ് ഓരോ അധ്യായന വർഷവും ഈടാക്കുന്നതെന്നും പ്രവേശനം നേടുമ്പോഴും തുടർന്ന് ഫീസ് ഇനത്തിലും തുടങ്ങി വലിയ തുക ഇപ്പോൾ തന്നെ ചെലവഴിക്കേണ്ടിവരുന്നതായും രക്ഷിതാക്കൾ പറഞ്ഞു. നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വരും നാളുകളിൽ വിവിധ പേരുകളിൽ സ്കൂളുകൾ പണം ആവശ്യപ്പെടാനും ഫീസ് നിരക്കുയർത്താനും സാധ്യതയുണ്ടെന്ന് ഭയപ്പെടുന്നതായും ഇതിനോട് സഹകരിക്കാൻ സാധിക്കില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
STORY HIGHLIGHTS:The court has imposed a fine of over 20 crore Indian rupees on the Indian School Board.