‘അക്ഷരം 2024’ സാംസ്കാരിക മഹാമേള നവംബർ 15
ഒമാൻ:മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന ‘അക്ഷരം 2024’ സാംസ്കാരിക മഹാമേള നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് റുസൈലിലുള്ള മിഡില്‍ ഈസ്റ്റ് കോളേജില്‍ നടക്കും.
മലയാളം മിഷൻ ഒമാൻ ചാപ്റ്ററിലെ വിവിധ മേഖലകളില്‍നിന്നുള്ള നൂറിലധികം കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ അക്ഷരോത്സവത്തിന് കൊടിയേറും. തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മലയാളം മിഷൻ ഡയറക്ടറും പ്രമുഖ കവിയുമായ മുരുകൻ കാട്ടാക്കട, കേരള സംഗീത നാടക അക്കാദമി ചെയർമാനും കേരളത്തിലെ എണ്ണം പറഞ്ഞ ചെണ്ട വാദകനുമായ പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, ഒമാനിലെ സാമൂഹിക സാംസ്കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖർ, മലയാളം മിഷൻ ഒമാൻ ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുക്കും.
മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ ‘പ്രവാസി ഭാഷാ പുരസ്ക്കാരം 2024’ അവാർഡ് ജേതാവ് പി മണികണ്ഠന് ആർ ബിന്ദു ചടങ്ങില്‍ സമ്മാനിക്കും. സംസാകാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളില്‍ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍വച്ചു നല്‍കും.
സാംസ്ക്കാരിക സമ്മേളനത്തിനു ശേഷം മുരുകൻ കാട്ടാക്കട അവതരിപ്പിക്കുന്ന കാവ്യ സദസ്സ് നടക്കും. അതിനു ശേഷം മട്ടന്നൂർ ശങ്കരൻ കുട്ടിയും, ഹാർമോണിയം വിദഗ്ദ്ധൻ പ്രകാശ് ഉള്ളിയേരിയും ചേർന്നവതരിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ ആകർഷണമായ ഫ്യുഷൻ പ്രോഗ്രാം ‘ദ്വയം’ അരങ്ങേറും.
മലയാളം മിഷൻ ഒമാനിലെ മസ്ക്കറ്റ്, സീബ്, സോഹാർ, സൂർ, ഇബ്ര, നിസ്വ മേഖലകളില്‍ നിന്നുള്ള പഠിതാക്കളും, ഭാഷാധ്യാപകരും, ഭാഷാ പ്രവർത്തകരും, പൊതുജനങ്ങളുമടക്കം വലിയൊരു ജനാവലി പരിപാടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് മിഷൻ ഭാരവാഹികള്‍ പറഞ്ഞു.
മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. രത്നകുമാർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വില്‍സണ്‍ ജോർജ്ജ്, പ്രസിഡന്റ് കെ സുനില്‍കുമാർ, സെക്രട്ടറി അനു ചന്ദ്രൻ, ട്രഷറർ പി ശ്രീകുമാർ, ജോയിന്റ് സെക്രട്ടറിമാരായ അനുപമ സന്തോഷ്, രാജീവ് മഹാദേവൻ, ഗ്ലോബല്‍ ഈവന്റ്സ് മാനേജിംഗ് ഡയറക്ടർ ആതിര ഗിരീഷ് എന്നിവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
ലോകത്തിന്റെ ഏതു കോണിലും എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാള ഭാഷയും സംസ്ക്കാരവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള സർക്കാർ സംവിധാനമാണ് മലയാളം മിഷൻ. മിഷനു കീഴില്‍ അറുപത്തഞ്ചോളം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഘടകങ്ങളില്‍, പ്രവർത്തന മികവില്‍ മുൻ നിരയില്‍ നില്ക്കുന്ന മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന ഈ ഭാഷാ സംസാരികോത്സവത്തിലേക്ക് ഒമാനിലെ എല്ലാ ഭാഷാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ പറഞ്ഞു.
STORY HIGHLIGHTS:’Aksharam 2024′ Cultural Maha Mela November 15