News

ന്യൂ സുല്‍ത്താൻ ഖാബൂസ് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു

സലാല :സലാലയിലെ ന്യൂ സുല്‍ത്താൻ ഖാബൂസ് ഹോസ്പിറ്റല്‍ (എസ്‌.ക്യു.എച്ച്‌) പദ്ധതിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു.

60.5 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. ഘടനാപരമായ ജോലികള്‍ 98 ശതമാനവും കഴിഞ്ഞിട്ടുണ്ട്. 138 ദശലക്ഷം റിയാല്‍ ചെലവില്‍ ഒരുങ്ങുന്ന പദ്ധതി 2025ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഴ് നിലകളിലായി 100,000 ചതുരശ്ര മീറ്ററിലാണ് ആശുപത്രിയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നത്. ഏകദേശം 700 കിടക്കകളും ഉണ്ടാകും. ആശുപത്രിയില്‍ വിവിധ മെഡിക്കല്‍ സ്പെഷാലിറ്റികളും ഒരുക്കും.

32 വകുപ്പുകളായിരിക്കും താഴത്തെ നിലയില്‍ സജ്ജീകരിക്കുക. ഇൻപേഷ്യന്റ് വിഭാഗത്തില്‍ നാല് ശസ്ത്രക്രിയാ വാർഡുകള്‍, നാല് ഇന്‍റേണല്‍ ഡിസീസ് വാർഡുകള്‍, നാല് കുട്ടികളുടെ വാർഡുകള്‍, മുതിർന്നവർക്കുള്ള തീവ്രപരിചരണ വിഭാഗത്തില്‍ 31 കിടക്കകള്‍, ഇന്റർമീഡിയറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ 16 കിടക്കകള്‍, ശിശുരോഗ തീവ്രപരിചരണ വിഭാഗത്തില്‍ 15 കിടക്കകള്‍, നവജാത ശിശുക്കള്‍ക്കും മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്കുമായി തീവ്രപരിചരണ വിഭാഗത്തില്‍ 38 കിടക്കകള്‍ എന്നിവയുമുണ്ടാകും.

പൊള്ളലേറ്റ വിഭാഗത്തില്‍ 12 കിടക്കകള്‍, പ്രസവ വാർഡുകളില്‍ 25 കിടക്കകള്‍, അപകടം, എമർജൻസി, പുനർ-ഉത്തേജന യൂനിറ്റില്‍ 10 കിടക്കകള്‍, ഡേകെയർ യൂനിറ്റ്, ഡയാലിസിസ് യൂനിറ്റ് എന്നിവയില്‍ 32 വീതം കിടക്കകളും ഒരുക്കും.

ദോഫാർ ഗവർണറേറ്റിലെ ആരോഗ്യസേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ന്യൂ സുല്‍ത്താൻ ഖാബൂസ് ഹോസ്പിറ്റല്‍ ഒരുങ്ങുന്നത്. നിലവില്‍ ഏഴ് ആശുപത്രികളും 36 ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 44 ആരോഗ്യ സ്ഥാപനങ്ങള്‍ ഈ പ്രദേശത്തുണ്ട്, ഇത് സ്വദേശികള്‍ക്കും താമസക്കാർക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷയും നല്‍കുന്നുണ്ട്.

STORY HIGHLIGHTS:The construction work of New Sultan Qaboos Hospital is in progress

Related Articles

Back to top button