Business

കർവ മോട്ടോഴ്‌സ് പുതിയ ഇന്‍റർസിറ്റി ബസുകള്‍ പുറത്തിറക്കി.

ഒമാൻ:വാഹന നിർമാണ രംഗത്തെ രാജ്യത്തെ മുൻനിര കമ്ബനിയായ കർവ മോട്ടോഴ്‌സ് പുതിയ ഇന്‍റർസിറ്റി ബസുകള്‍ പുറത്തിറക്കി.

ഗള്‍ഫ് സ്റ്റാൻഡേഡ് സ്പെസിഫിക്കേഷനുകള്‍ക്ക് അനുസരിച്ചാണ് ബസ് തയാറാക്കിയിരിക്കുന്നത്. 45 യാത്രക്കാരെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള ബസ് എണ്ണ, ഗ്യാസ് എന്നിവ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

പുതിയ ബസുകള്‍ ഒമാനിലെ പ്രമുഖ ഗതാഗത കമ്ബനിയായ സുല്‍ത്താൻ അല്‍ ഷിസാനി കമ്ബനിക്ക് കൈമാറി. ബസുകള്‍ പ്രാദേശിക വിപണിയില്‍ ഇറക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് പുതിയ രണ്ട് ബസുകളുടെ കൈമാറ്റമെന്ന് കർവ മോട്ടോഴ്‌സ് കമ്ബനി വൃത്തങ്ങള്‍ പറഞ്ഞു. ഈ പുതിയ ബസ് വിഭാഗത്തിലൂടെ പ്രാദേശികവും മേഖലയിലെയും വിപണികളിലേക്ക് പ്രവേശിക്കാനാണ് കർവ ലക്ഷ്യമിടുന്നത്.

ഒമാന്‍റെയും ഖത്തറിന്‍റെയും സംയുക്ത സംരംഭമാണ് കർവ മോട്ടോഴ്‌സ്. കമ്ബനിയുടെ 70 ശതമാനം ഓഹരി ഖത്തർ ദേശീയ ഗതാഗത കമ്ബനിയായ ഖത്തർ ട്രാൻസ്‌പോർട്ടിനും 30 ശതമാനം ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്കുമാണുള്ളത്. കർവ മോട്ടോഴ്‌സിന് ബസ് നിർമാണത്തില്‍ പ്രത്യേകമായ ഒരു ഫാക്ടറിയുണ്ട്. പ്രതിവർഷം ശരാശരി 600 ബസുകളാണ് ഇവിടെ നിർമിക്കുന്നത്.

2022ലെ ഖത്തർ ലോകകപ്പിനുള്ള ബസുകള്‍ നിർമിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഫാക്ടറി 2021ല്‍ ഉത്പാദനം ആരംഭിച്ചു. വിവിധതരം സിറ്റി ബസുകള്‍, സ്കൂള്‍ ബസുകള്‍, ദീർഘദൂര ബസുകള്‍, ലക്ഷ്വറി ബസുകള്‍ എന്നിവ നിർമിക്കുന്നു. ദുകത്തെ പ്രത്യേക സാമ്ബത്തിക മേഖലയില്‍ 600,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കമ്ബനിയുടെ ഫാക്ടറി നിർമിച്ചിരിക്കുന്നത്.

സ്‌കൂള്‍ ബസുകള്‍ വിതരണം ചെയ്യുന്നതിനായി കർവ മോട്ടോഴ്‌സ് കമ്ബനി വിദ്യാഭ്യാസ മന്ത്രാലയവുമായും ഒമാൻ വികസന ബാങ്കുമായും ധാരണപത്രം (എം.ഒ.യു) അടുത്തിടെ ഒപ്പുവെച്ചിട്ടുണ്ട്.

ഈ വർഷത്തിന്‍റെ തുടക്കത്തില്‍ പ്രാദേശിക വിപണിയില്‍ സ്കൂള്‍ ബസുകള്‍ എത്തുമെന്നാണ് കരുതുന്നത്. പഴയ വാഹനങ്ങള്‍ക്ക് പകരം പ്രതിവർഷം 1,000 ബസുകള്‍ എന്ന നിരക്കില്‍ ഇറക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. 23 മുതല്‍ 25 വരെ വിദ്യാർഥികളെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും ബസുകള്‍.

STORY HIGHLIGHTS:Karva Motors has launched new intercity buses.

Related Articles

Back to top button