News

ഫലസ്തീൻ ജനതക്കുള്ള ഒമാന്‍റെ സഹായ ഹസ്തം തുടരുന്നു.

ഒമാൻ:ഗസ്സയിലെ നിസ്സഹരായ ഫലസ്തീൻ ജനതക്കുള്ള ഒമാന്‍റെ സഹായ ഹസ്തം തുടരുന്നു. സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒമാൻ ചാരിറ്റബിള്‍ ഓർഗനൈസേഷൻ (ഒ.സി.ഒ) അവശ്യ വസ്തുക്കള്‍ എത്തിച്ചു.

ഞായറാഴ്ച റഫ അതിർത്തി വഴിയാണ് അവശ്യ സാധനങ്ങള്‍ അയച്ചത്. ഫലസ്തീനിലേക്കുള്ള ഒമാന്‍റെ സഹായം തുടരുകയാണെന്നും ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലേക്ക് അഞ്ച് വിമാനങ്ങള്‍ അടങ്ങുന്ന ഒരു എയർബ്രിഡ്ജ് പ്രവർത്തിപ്പിക്കുന്നുണ്ടെന്നും റഫ അതിർത്തി കടന്ന് സാധനങ്ങള്‍ ഗസ്സ മുനമ്ബിലെ ഫലസ്തീൻ ജനതക്ക് കൈമാറിയെന്നും ഒ.സി.ഒ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ 100 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ അഞ്ച് വിമാനങ്ങള്‍ വഴി ഗസ്സയിലേക്ക് ഒമാൻ കയറ്റി അയച്ചിരുന്നു. സലാം എയറിന്‍റെ കാർഗോ വിമാനങ്ങളിലായിരുന്നു ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചത്. എയർ ബ്രിഡ്ജിലൂടെ എത്തിച്ച സാധനങ്ങള്‍ റഫ ക്രോസിങ് വഴി ഫലസ്തീൻ റെഡ് ക്രസന്റിന് കൈമാറുകയായിരുന്നു.

ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിള്‍ ഓർഗനൈസേഷൻ നേരത്തെതന്നെ സംവിധാനം ഒരുക്കിയിരുന്നു. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്. സംഭാവനകള്‍ സ്വീകരിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് ഒ.സി.ഒ സജ്ജീകരിച്ചിരിക്കുന്നത്.

ഒനീക്ക് (ഒ.എൻ. ഇ.ഐ.സി) ഓട്ടോമേറ്റഡ് പേയ്‌മെന്റ് മെഷിനുകള്‍ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്‌കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന കൈമാറാവുന്നതാണ്. പൊതുജനങ്ങള്‍ക്ക് ഫോണില്‍നിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയില്‍ പങ്കാളിയാകാം. ഒമാൻടെല്‍ ഉപയോക്താക്കള്‍ക്ക് 90022 എന്ന നമ്ബറിലേക്ക് “donate” എന്ന് ടൈപ്പ് ചെയ്തും ഉരീദോയില്‍നിന്ന് ‘Palestine’ എന്ന് ടൈപ്പ് ചെയ്ത് 90909 എന്ന നമ്ബറിലേക്കും സന്ദേശങ്ങള്‍ അയക്കാം. റെന്ന വരിക്കാർക്ക് 181092# എന്ന കോഡും ഉപയോഗിക്കാം. www.jood.om, www.oco.org.om എന്നീ വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാം.

STORY HIGHLIGHTS:Oman’s helping hand to the Palestinian people continues.

Related Articles

Back to top button