മുസന്ദം വിമാനത്താവളം രൂപരേഖയ്ക്കായി ടെണ്ടര്‍ ക്ഷണിച്ചു
ഒമാൻ:മുസന്ദം ഗവർണറേറ്റും സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ മറ്റ് ഗവർണറേറ്റുകളും തമ്മിലുള്ള ടൂറിസം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള രാജകീയ നിർദേശങ്ങളുടെ ഭാഗമായി സിവില്‍ ഏവിയേഷൻ അതോറിറ്റി (സിഎഎ) മുസന്ദം അന്താരാഷ്ട്ര വിമാനത്താവളത്തിനായി വിശദമായ ഡിസൈനുകള്‍ തയ്യാറാക്കാൻ ടെണ്ടർ ക്ഷണിച്ചു.
നിർദിഷ്ട മുസന്ദം വിമാനത്താവളം 2028-ന്റെ രണ്ടാം പകുതിയില്‍ യാഥാർഥ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ മേഖലയില്‍ പ്രവർത്തിക്കുന്ന ഖസബ് വിമാനത്താവളം അഭിമുഖീകരിക്കുന്ന പ്രവർത്തന വെല്ലുവിളികള്‍ കാരണം ഈ പദ്ധതിക്ക് പ്രാധാന്യം ഏറെയാണ്. ക്രൂയിസ് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ പ്രതിവർഷം 200,000 വിനോദസഞ്ചാരികളെ ആകർഷിക്കാൻ മുസന്ദത്തിന് കഴിവുണ്ട്. മികച്ച എയർ കണക്റ്റിവിറ്റി ഉപയോഗിച്ചാല്‍ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ കഴിയുമെന്നാണ് ട്രാവല്‍ വിദഗ്ധരുടെ അഭിപ്രായം.
എയർപോർട്ട് പദ്ധതിയുടെ രൂപരേഖകള്‍ നടപ്പാക്കാൻ 18 മാസവും നിർമാണത്തിന്റെ ആദ്യഘട്ടം നടപ്പാക്കാൻ 36 മാസവും രണ്ടാംഘട്ട നിർമാണം നടപ്പാക്കാൻ 18 മാസവുമാണ് വേണ്ടിവരിക. ആദ്യഘട്ടത്തില്‍ എയർബസ് 319, ബോയിങ് 737 വിമാനങ്ങള്‍ ഇറങ്ങുന്നതിനായി 45 മീറ്റർ വീതിയുള്ള റണ്‍വേയാണ് നിർമിക്കുക.
എയർ ട്രാഫിക് കണ്‍ട്രോള്‍ ടവർ, 2,520 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള റണ്‍വേ, ടാക്സിവേകള്‍, ഫയർ സ്റ്റേഷൻ, ഉപകരണങ്ങള്‍ നന്നാക്കുന്ന വർക്ക് ഷോപ്പ് , മറൈൻ റെസ്ക്യൂ സ്റ്റേഷൻ, പാർക്കിംഗ് സ്ഥലങ്ങള്‍ എന്നിവയ്ക്ക് പുറമെ പ്രതിവർഷം 250,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഒരു പാസഞ്ചർ കെട്ടിടവും നിർമ്മിക്കും.
രണ്ടാം ഘട്ടത്തില്‍, എയർബസ് 330, 350, ബോയിംഗ് 787, 777 എന്നിവയ്ക്ക് ശേഷിയുള്ള 3,300 മീറ്ററായി റണ്‍വേ വികസിപ്പിക്കും. മുസന്ദം ഗവർണറേറ്റില്‍ ഒമാൻ കൗണ്‍സില്‍, മുനിസിപ്പല്‍ കൗണ്‍സിലിലെ അംഗങ്ങള്‍, ശൈഖുമാർ, വിശിഷ്ടാതിഥികള്‍, വ്യവസായികള്‍ എന്നിവരുമായി സുല്‍ത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവർണറേറ്റിനെ പ്രാദേശിക, അന്തർദേശീയ വിമാനങ്ങളുമായി ബന്ധിപ്പിക്കുന്ന കാര്യം കൂടിക്കാഴ്ചയില്‍ സുല്‍ത്താൻ പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു.
STORY HIGHLIGHTS:Musandam Airport invites tender for design