FootballSports

ഒമാൻ ദേശീയ ഫുട്ബാള്‍ ടീമിന്‍റെ പുതിയ പരിശീലകനായി ചെക്

ഒമാൻ ദേശീയ ഫുട്ബാള്‍ ടീമിന്‍റെ പുതിയ പരിശീലകനായി ചെക് റിപ്പബ്ലിക്കിന്‍റെ കോച്ചായിരുന്ന ജറോസ്ലാവ് സില്‍ഹവിയെ നിയമിച്ചു.

ഖത്തറില്‍ നടന്ന ഏഷ്യൻ കപ്പിലെ ഒമാന്‍റെ മോശം പ്രകടനത്തെതുടർന്ന് കോച്ച്‌ ക്രൊയേഷ്യൻ താരം ബ്രാങ്കോ ഇവാൻകോവിച്ചിനെ പുറത്താക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ കോച്ചിനെ ഒമാൻ ഫുട്ബാള്‍ അസോസിയേഷൻ നിയമിച്ചത്. 2026വരെയാണ് കരാർ. ഫെഡറേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒമാൻ ഫുട്ബാള്‍ അസോസിയേഷന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ സേലം ബിൻ സഇൗദ് ബിൻ സലേം അല്‍ വഹൈബിയും പുതിയ പരിശീലകനും കരാറില്‍ ഒപ്പുവെച്ചു.

62 വയസ്സുകാരനായ ജറോസ്ലാവ് സില്‍ഹ ചെക്ക് ദേശീയ ടീമിനെയും നിരവധി ചെക് ക്ലബുകളെയും പരിശീലിപ്പിച്ച അനുഭവ സമ്ബത്തുമായാണ് റെഡ്വാരിയേഴ്സിന് തന്ത്രം മെനയാൻ എത്തുന്നത്. ചെക് റിപ്പബ്ലിക്കിലെ മുൻനിര ക്ലബുകളായ ക്ലാഡ്‌നോ, വിക്ടോറിയ പ്ലെസെൻ, ഡൈനാമോ സെസ്‌കെ ബുഡെജോവിസ്, സ്ലാവിയ പ്രാഗ്, സ്ലോവൻ ലിബറെ എന്നിവയോടൊപ്പം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2001 മുതല്‍ 2009 വരെ ചെക്ക് റിപ്പബ്ലിക് ദേശീയ ടീമിന്‍റെ സഹപരിശീലകനായിരുന്നു.

2018 മുതല്‍ പൂർണ ചുമതല ഏറ്റെടുത്തു. ഇദ്ദേഹത്തിന് കീഴില്‍ 2020 യൂറോകപ്പില്‍ ചെക്ക് റിപ്പബ്ലിക്ക് ക്വാർട്ടർ ഫൈനലില്‍ എത്തിയിരുന്നു. യുവേഫ യൂറോ 2024ന് ടീം യോഗ്യത നേടിയ ശേഷം 2023ല്‍ അദ്ദേഹം രാജിവെച്ചു. ചെക്ക് ലീഗില്‍ 2012ല്‍ സ്ലോവൻ ലിബറ ക്ലബിനെയും 2017ല്‍ സ്ലാവിയ പ്രാഗിനെയും ചാമ്ബ്യന്മാരാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.

ഖത്തറില്‍ നടക്കുന്ന ഏഷ്യൻ കപ്പില്‍നിന്ന് ഒമാൻ ടീം പുറത്തായതിന് പിന്നാലെ വൻ ആരാധക രോഷമായിരുന്നു കോച്ച്‌ ബ്രാങ്കോ ഇവോകോവിച്ചിനെതിരെ ഉയർന്നിരുന്നത്. ഇതോടെ കോച്ചുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് ഒമാൻ ഫുട്‌ബാള്‍ അസോസിയേഷൻ (ഒ.എഫ്.എ) തീരുമാനിക്കുകയായിരുന്നു. നാലു വർഷത്തെ സേവനത്തിന് ശേഷമാണ് ഇവോകോവിച്ചും ഫുട്ബാള്‍ അസോസിയേഷനും വേർപിരിഞ്ഞത്. പോള്‍ ജോസഫ് ലീഗോണ്‍, ലീ റോയ്, മിലാൻ മെച്ചാള എന്നിവർക്ക് പുറമെ ആരാധക രോഷത്തില്‍ പുറത്തേക്കു പോകുന്ന മറ്റൊരു പരിശീലകൻ കൂടിയാണ് ബ്രാൻകോ ഇവൻകോവിച്ച്‌. മാർച്ച്‌ മാസത്തില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങള്‍ എന്നിവയാണ് പുതിയ കോച്ചിന് മുന്നില്‍ വരാനിരിക്കുന്ന പ്രധാന പോരാട്ടങ്ങള്‍ . എന്നാല്‍ പരിശീലകനെ മാറ്റിയതുകൊണ്ട് മാത്രം ടീമിന് മുന്നോട്ട് പോകാനാകില്ലെന്നും താരങ്ങളിലും അടിമുടി മാറ്റംവേണമെന്നാണ് ആരാധകർ പറയുന്നത്.

STORY HIGHLIGHTS:Czech as new coach of Oman national football team

Related Articles

Back to top button