ഒമാനി പൈതൃകങ്ങളെ അറിയാൻ; നിസ്വയിൽ പുതിയ മ്യൂസിയം
ഒമാനി പൈതൃകങ്ങളെ അറിയാൻ; നിസ്വയിൽ പുതിയ മ്യൂസിയം
നിസ്വ കോട്ട, പുരാതന പള്ളികൾ, പഴയകാല ഗ്രാമങ്ങൾ, പൈതൃക സൂഖ് എന്നിവ ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നവയാണ്.
എന്നാൽ, വിവിധ ചരിത്ര കാലഘട്ടങ്ങളിലെ ഒമാന്റെ പൈതൃകവും സംസ്കാരവും നാഗരിഗതയും നേരിട്ടറിയാൻ സന്ദർശകർക്ക് വഴിയൊരുക്കുകയാണ് നിസ്വ മ്യൂസിയം. 3,000ൽ പരം പുരാവസ്തുക്കളുടെ ശേഖരമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
മ്യൂസിയത്തിന്റെ ഹാളുകളിൽ കയ്യെഴുത്തു പ്രതികൾ, ആയുധങ്ങൾ, കവചങ്ങൾ, ചെമ്പ് വസ്തുക്കൾ, മൺപാത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയെല്ലാം പ്രദർശിപ്പിച്ചിരിക്കുന്നതായി മ്യൂസിയം ഉടമസ്ഥൻ മുഹമ്മദ് അംബുസൈദി പറഞ്ഞു.
പ്രദർശിപ്പിച്ചിരിക്കുന്ന പുരാവസ്തുക്കളുടെ ശേഖരം, പ്രകൃതി വിഭവങ്ങളെ നിർമാണത്തിനായി ഉപയോഗപ്പെടുത്തുന്നതിലുള്ള കഴിവിനെ എടുത്തുകാണിക്കുന്നതായും ഒമാന്റെ അദൃശ്യമായ പൈതൃകങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മുഹമ്മദ് അംബുസൈദി പറഞ്ഞു.
ഒമാനിലെ പൈതൃക ടൂറിസത്തെയും വിശേഷിച്ച് നിസ്വ നഗരത്തെയും മെച്ചപ്പെടുത്തുകയാണ് മ്യൂസിയം ലക്ഷ്യമിടുന്നത്. ഒരാൾ മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അവനെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പുരാതന ഒമാനി ജാലകങ്ങളുടെയും വാതിലുകളുടെയും വ്യത്യസ്തമായ കൊത്തുപണികളും നിറങ്ങളും ആകൃതിയും ഉൾപ്പെടുത്തി മ്യൂസിയത്തിന്റെ പ്രധാന ഇടനാഴി അലങ്കരിച്ചിരിക്കുന്നത്.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന കവാടങ്ങളിലൊന്ന് 500 വർഷത്തിലേറെ പഴക്കമുള്ളവയാണ്.
700 വർഷത്തിലേറെ പഴക്കമുള്ള സെറാമിക്സ്, ആയുധങ്ങൾ എന്നിവയും വിശേഷപ്പെട്ടതാണ്. 260 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള പെട്രിഫൈഡ് പൈൻവുഡിന്റെ ഒരു ഭാഗവം ഇവിടെയുണ്ട്. മ്യൂസിയത്തിലെ ഏറ്റവും പുരാതനയാ വസ്തുവാണിത്. 400 വർഷത്തിലേറെ പഴക്കമുള്ള ഒമാനി കയ്യെഴുത്ത് പ്രതികൾ ഒമാന്റെ രാഷ്ടീയ, സാമ്പത്തിക, സാമൂഹിക ചരിത്രത്തിന്റെ നേർക്കാഴ്ചകൾ പ്രദാനം ചെയ്യുന്നു.
സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക ഇതുവഴി സാധ്യമാകുന്നതായും ഭൂതകാലവും വർത്തമാനവും തമ്മിലുള്ള ഒരു കണ്ണിയായി വർത്തിക്കുക എന്നതാണ് മ്യൂസിയത്തിന്റെ ലക്ഷ്യമെന്നും മുഹമ്മദ് അംബുസൈദി കൂട്ടിച്ചേർത്തു.
STORY HIGHLIGHTS:To know the Omani heritage; New Museum in Niswa