ഒമാന്‍ ഉള്‍ക്കടലില്‍ യു.എസ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ
സലാല: യു.എസ് ബന്ധമുള്ള എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ. ഇറാഖില്‍നിന്നുള്ള അസംസ്‌കൃത എണ്ണയുമായി തുര്‍ക്കിയിലേക്കു പുറപ്പെട്ട കപ്പലാണ് ഒമാൻ കടലിടുക്കില്‍ ഇറാൻ നിയന്ത്രണത്തിലാക്കിയത്.
ഇന്നലെ യമനിലെ ഹൂതികേന്ദ്രങ്ങളില്‍ കനത്ത ബോംബാക്രമണമാണ് യുഎസിന്റെ നേതൃത്വത്തില്‍ നടത്തിയത്.ഇതിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് വിവരം.
ചെങ്കടലില്‍ ഹൂതി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാകും ഇറാന്റെ ഈ നടപടി.
മാര്‍ഷല്‍ ഐലൻഡ്‌സ് പതാക കെട്ടിയ സെന്റ് നികോളാസ് കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയാണ് പ്രാദേശിക സമയം ഇന്നു രാവിലെ കപ്പല്‍ നിയന്ത്രണത്തിലാക്കിയത്. തുര്‍ക്കിയിലേക്കു പോകേണ്ട കപ്പല്‍ ഇറാനിലെ ബന്ദറേ ജസ്‌കിലേക്കു വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
അതിനിടെ, ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം തുടരുന്ന കാലത്തോളം ചെങ്കടലിലെ ആക്രമണം തുടരുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ സമ്ബദ്ഘടനയെയും അവരെ സംരക്ഷിക്കുന്ന നാവികസേനകളെയും തകര്‍ക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു. ഇന്നലെ, യമനില്‍ ഉള്‍പ്പെടെയുള്ള ഹൂതി താവളങ്ങള്‍ക്കുനേരെ യു.എസ്-ബ്രിട്ടൻ സംയുക്ത ആക്രമണം നടത്തിയിരുന്നു.
STORY HIGHLIGHTS:Iran seizes US oil tanker in Gulf of Oman