സലാല തീരത്തെ കപ്പൽ അപകടം; രക്ഷപ്പെട്ട ഗുജറാത്ത് സ്വദേശികളെ നാട്ടിലേക്ക് അയച്ചു
സലാല: ദോഫാർ ഗവർണറേറ്റിലെ സലാല തീരത്ത് കത്തി നശിച്ച ചരക്ക് കപ്പലിൽ നിന്ന് രക്ഷപ്പെട്ട 10 ഗുജറാത്ത് സ്വദേശികളെ അഹ്മദാബാദിലേക്ക് കയറ്റി അയച്ചതായി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു. ഇനി ക്യാപ്റ്റൻ മാത്രം ബാക്കിയുണ്ട്.
അമിത ഭാരവുമായെത്തി എന്ന കുറ്റം ചുമത്തി ആർ.ഒ.പി ഇദ്ദേഹത്തിന്‍റെ പാസ്പോർട്ട് തടഞ്ഞു വെച്ചിരിക്കുകയാണ്. ആർ.ഒ.പി ഓപറേഷൻ ഹെഡ്നോട് അപേക്ഷ നൽകിയിട്ടുണ്ട്. തുടർ നടപടിയുണ്ടാകുന്നതിന് അനുസരിച്ച് ഇദ്ദേഹത്തെയും കയറ്റി അയക്കുമെന്ന് ഡോ. കെ. സനാതനൻ അറിയിച്ചു.
ദുബൈയിൽ നിന്ന് സോമാലിയയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഇന്ത്യൻ ഉരു ‘വിരാട് 3-2120’ ആണ് ഹാസിക്കിനു സമീപം ദിവസങ്ങൾക്ക്മുമ്പ് ഉൾക്കടലിൽ കത്തി നശിച്ചത്. ക്യാപ്റ്റൻ ഗത്താർ സിദ്ദീഖ് ഉൾപ്പടെ പതിനൊന്നു പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. ചരക്ക് കപ്പലിലുണ്ടായിരുന്ന 80 വാഹങ്ങളും ബിൽഡിങ് സാമഗ്രികളും കത്തി നശിക്കുകയും ചെയ്തു.
STORY HIGHLIGHTS:Shipwreck off Salalah; The survivors of Gujarat were sent home