മസ്കത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് പ്രൗഢമായ തുടക്കം

ഒമാൻ:ഒമാൻ കണ്വൻഷൻ ആൻഡ് എക്സിബിഷൻ സെന്ററില്‍ മസ്കത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. സുല്‍ത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ചാൻസലർ ഡോ.


ഫഹദ് ബിൻ അല്‍ ജുലന്ദ അല്‍ സയീദിന്റെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യം ആദ്യ ദിവസത്തെ പ്രധാന ആകർഷണമായിരുന്നു.
പുസ്തകമേള മേയ് മൂന്ന് വരെ നീണ്ടുനില്‍ക്കും. ഇത്തവണത്തെ അതിഥി ഗവർണറേറ്റ് വടക്കൻ ശർഖിയയാണ്. മേളയില്‍ ശർഖിയയുടെ സാംസ്കാരിക തനിമയും പൈതൃകവും പ്രത്യേകമായി അടയാളപ്പെടുത്തും. പത്ത് ദിവസങ്ങളിലായി നടക്കുന്ന പുസ്തകമേളയില്‍ ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവേശനം അനുവദിക്കും. വെള്ളിയാഴ്ചകളില്‍ പ്രവേശനം വൈകീട്ട് 4 മണിക്കായിരിക്കും. സ്കൂള്‍ വിദ്യാർഥികള്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനത്തിന് മുൻഗണന നല്‍കും.

മേളയിലെത്തുന്ന പുസ്തകങ്ങളില്‍ 213,610 എണ്ണം വിദേശ പ്രസാധകരുടേതാണ്. 34 രാജ്യങ്ങളില്‍ നിന്നായി 674 പ്രസാധകരും 681,041 പുസ്തകങ്ങളുമാണ് മേളയിലുള്ളത്. സാംസ്കാരിക വേദികള്‍, സംവാദങ്ങള്‍, അതിഥികളും എഴുത്തുകാരുമായുള്ള ചർച്ചകള്‍, പുസ്തക പ്രകാശനങ്ങള്‍ എന്നിവയോടെ പുസ്തകമേള അടുത്ത ദിവസങ്ങളില്‍ സജീവമാകും.

സാഹിത്യം, ശാസ്ത്രം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിലെ വായനക്കാർ, ഗവേഷകർ, അക്കാദമിക വിദഗ്ധർ, വിദ്യാർഥികള്‍ എന്നിവർക്കായി നിരവധി സെഷനുകള്‍ മേളയില്‍ ഉണ്ടാകും. വായനക്കാർക്കായി വിപുലമായ പുസ്തക പ്രദർശനങ്ങളും വിവിധ പ്രവർത്തനങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ പരിപാടികളും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങളും ഉള്‍പ്പെടെയുള്ള കുടുംബ സൗഹൃദ പരിപാടികളും മേളയില്‍ അരങ്ങേറും.

STORY HIGHLIGHTS:Muscat International Book Fair gets off to a great start