ഇറാൻ-അമേരിക്ക ആണവ ചര്‍ച്ചക്ക് ഒമാൻ വേദിയായേക്കും

ഒമാൻ:ഇറാൻ-അമേരിക്ക ആണവ ചർച്ചക്ക് ഒമാൻ വേദിയായേക്കും. ചർച്ച ഏപ്രില്‍ 12 ന് തലസ്ഥാനമായ മസ്കത്തില്‍ നടക്കുമെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജൻസികള്‍ റിപ്പോർട്ട് ചെയ്തത്.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഒമാൻ നല്‍കിയിട്ടില്ല.

ഏപ്രില്‍ 12 ന് ഒമാനില്‍ നടക്കുന്ന യുഎസ്-ഇറാൻ ചർച്ചകള്‍ക്ക് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും യുഎസ് പ്രസിഡൻഷ്യല്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും നേതൃത്വം നല്‍കുമെന്നാണ് റിപ്പോർട്ടുകള്‍. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അല്‍ ബുസൈദിയുടെ മധ്യസ്ഥതയിലാണ് ചർച്ചകള്‍ നടക്കുകയെന്ന് റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം ഒന്നും ഒമാൻ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇത് ഒരു പരീക്ഷണം പോലെതന്നെ അവസരവുമാണെന്ന് അരഗ്ചി എക്സില്‍ കുറിച്ചു.

ഞങ്ങള്‍ ഇറാനുമായി നേരിട്ട് ബന്ധപ്പെടുകയാണെന്നും ശനിയാഴ്ച ഞങ്ങള്‍ക്ക് വലിയ ഒരു മീറ്റിങ്ങുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ചർച്ചകള്‍ നടക്കുന്നത് സംബന്ധിച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം സാധ്യമാക്കുന്നതില്‍ ഒമാന്റെ മധ്യസ്ഥത സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. അമേരിക്കയുമായുള്ള പരോക്ഷ ചർച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഒമാൻ നിർണായക പങ്ക് വഹിക്കുമെന്ന് സുല്‍ത്താനേറ്റിന്റെ ഫലപ്രദമായ മധ്യസ്ഥതയുടെ ചരിത്രം എടുത്തുകാണിച്ച് കനാനി കൂട്ടിച്ചേർത്തു. 2015ലെ ആണവ കരാറിന്റെ ചർച്ചകള്‍ ഉള്‍പ്പെടെ നയതന്ത്ര വിഷയങ്ങളിലെ ഭിന്നതകള്‍ പരിഹരിക്കാൻ ഒമാൻ മുമ്ബ് സഹായിച്ചിട്ടുണ്ട്.

STORY HIGHLIGHTS:Oman may be the venue for Iran-US nuclear talks