
ഒമാൻ:നംബിയോ പ്ലാറ്റ്ഫോം പുറത്തിറക്കിയ 2025 ലെ ആഗോള മലിനീകരണ സൂചികയില്‍ ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ഒമാൻ.
ആഗോളതലത്തില്‍ 22-ാം സ്ഥാനത്താണ് ഒമാൻ.
പരിസ്ഥിതി ഗുണനിലവാരം സംരക്ഷിക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഒമാൻ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമാണിത്. വായു, ജല ഗുണനിലവാരം, മാലിന്യ സംസ്കരണം, ശബ്ദ മലിനീകരണം, ഹരിത ഇടങ്ങളുടെ ലഭ്യത തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള മലിനീകരണ സൂചിക തയ്യാറാക്കുന്നത്. മേഖലയിലെ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഒമാനില്‍ രേഖപ്പെടുത്തിയത് കുറഞ്ഞ അളവിലുള്ള മലിനീകരണമാണ്, ഇത് ഉയർന്ന റാങ്കിംഗ് കൈവരിക്കാൻ ഒമാനെ സഹായിച്ചു.

ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട്, ശുദ്ധമായ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, വനവല്‍ക്കരണ പദ്ധതികളും, മാലിന്യ സംസ്കരണ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനും സർക്കാർ പ്രവർത്തിക്കുന്നു. കൂടാതെ സുസ്ഥിര പദ്ധതികള്‍ക്കൊപ്പം ഒമാൻ പിന്തുടരുന്ന കർശനമായ പരിസ്ഥിതി നയങ്ങളും ഈ വിജയത്തിന്റെ പ്രധാന ഘടകമാണ്. സുസ്ഥിര വികസനം കൈവരിക്കുന്നതിലും, പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒമാൻ വിഷൻ 2040 നായി പരിസ്ഥിതി അതോറിറ്റി നിർണായക പങ്കുവഹിക്കുന്നുണ്ട്.
നഗര, വ്യാവസായിക വികാസം മൂലം പല പ്രധാന വ്യാവസായിക രാജ്യങ്ങളും വലിയ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഒമാൻ ഈ നേട്ടം കൈവരിക്കുന്നതെന്നത് വളരെ ശ്രദ്ധേയമാണ്.

STORY HIGHLIGHTS:Oman named the least polluted Arab country