ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം വനിതാദിനാചരണം സംഘടിപ്പിച്ചു

മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ വനിതാദിനാചരണം സംഘടിപ്പിച്ചു.
ദാർസൈറ്റിലെ ഐ എസ് സി മൾട്ടി പർപ്പസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ 25 വർഷമായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ മാനസികാരോഗ്യ അധ്യാപികയായി പ്രവർത്തിക്കുന്ന ശ്രീമതി സാലു ജോസ്, ഗൂബ്രയിലെ NMC ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ശ്രീമതി മിനി പടിക്കൽ എന്നിവർ അതിഥികളായി പങ്കെടുത്തു. “പ്രവർത്തനം ത്വരിതപ്പെടുത്തുക” എന്ന ഈ വർഷത്തെ വനിതാദിന മുദ്രാവാക്യത്തിൻ്റെ പ്രസക്തിയെ കുറിച്ച് അതിഥികൾ സംസാരിച്ചു. സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷം കുറക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സാലു ജോർജും ആരോഗ്യകരമായ ജീവിതശൈലിക്കായി ഭക്ഷണകാര്യങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് മിനി പടിക്കലും വിശദമായി സംസാരിച്ചു. കേരളവിഭാഗത്തിൻ്റെ വനിതാദിന സന്ദേശം അമലുമധു അവതരിപ്പിച്ചു.
സമകാലിക വിഷയങ്ങൾ പ്രദിപാദിച്ച് കൊണ്ട് വനിതാ വേദി അംഗങ്ങൾ അവതരിപ്പിച്ച “സ്ത്രീശക്തി” എന്ന് പേരിട്ട നൃത്തശില്പം കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ, ഗാനാലാപനം, വനിതാദിന പ്രശ്നോത്തരി തുടങ്ങിയവയും പരിപാടികളുടെ ഭാഗമായി.
കൺവീനർ സന്തോഷ്കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വനിതാവിഭാഗം കോ ഓർഡിനേറ്റർ ശ്രീജ രമേഷ് സ്വാഗതവും അസിസ്റ്റൻ്റ് കോ ഓർഡിനേറ്റർ ഷിൽന ഷൈജിത്ത് നന്ദിയും പറഞ്ഞു. ശാരി റെജുവായിരുന്നു പരിപാടിയുടെ അവതാരക.
STORY HIGHLIGHTS:Indian Social Club Oman Kerala Chapter organized Women’s Day celebration