
ഒമാൻ:മസ്കത്ത് ടെന്നിസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ടൂർണമെന്റ് (എം.ടി.സി.എല്‍ ) സീസണ്‍ ഒന്ന് ഫെബ്രുവരി 21 , 22 തീയതികളില്‍ നടക്കുമെന്ന് മസ്കത്ത് ടെന്നിസ് ക്രിക്കറ്റ് ലീഗ് സംഘാടകർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
അമറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലായിരിക്കും മത്സരങ്ങള്‍.
ഒമാനില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്‍കുന്ന ടൂർണമെന്റില്‍ ഇന്ത്യ, പാകിസ്താൻ , ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുൻനിര ടെന്നിസ് ബാള്‍ ക്രിക്കറ്റ് താരങ്ങള്‍ അതിഥികളായി പങ്കെടുക്കും . ജേതാക്കള്‍ക്ക് 2000 ഒമാനി റിയാലാണ് സമ്മാനത്തുകയായി നല്‍കുക. രണ്ടാം സ്ഥാനക്കാർക്ക് 1000 റിയാലും മൂന്നും , നാലും സ്ഥാനക്കാർക്ക് 250 റിയാല്‍ വീതവും നല്‍കും. ഇതിനുപുറമെ വ്യക്തിഗത മികവിന് കളിക്കാർക്കും സമ്മാനത്തുക ലഭിക്കും . ഒമാനിലെ 24 മുൻനിര ടീമുകളാണ് ടൂർണമെന്റില്‍ മാറ്റുരക്കുക.
ഓരോ ടീമിനും രണ്ടു വിദേശ താരങ്ങളെ അതിഥി താരങ്ങളായി കളിപ്പിക്കാം. ഐ.പി.എല്‍ മാതൃകയില്‍ കളിക്കാർക്കായുള്ള താരലേലം മസ്കത്തില്‍ നടന്നു. ടൂർണമെന്റില്‍ പാകിസ്താൻ ടെന്നീസ് ബാള്‍ ക്രിക്കറ്റിലെ അറിയപ്പെടുന്ന താരമായ തൈമൂർ മിർസ മസ്കത്തില്‍ ബാറ്റുകൊണ്ട് ഇന്ദ്രജാലം തീർക്കാൻ എത്തും. ടി10 ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ തോമസ് ഡയസ് ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നും ഒട്ടേറെ താരങ്ങള്‍ ടൂർണമെന്റില്‍ പങ്കാളിയാകും. ടൂർണമെന്റിന്റെ ഓണ്‍ലൈൻ ലൈവ് ടെലികാസ്റ്റും ഉണ്ടാകും.
ഒമാനിലെ ആദ്യ അന്തർദേശീയ ക്രിക്കറ്റ് സ്റ്റേഡിയമായ ഒമാൻ ക്രിക്കറ്റ് അക്കാദമിയുടെ വാതിലുകള്‍ ടെന്നിസ് ബാള്‍ ക്രിക്കറ്റിനായി തുറക്കുന്നത് ഞങ്ങളിലൂടെയാണ് എന്നത് അഭിമാനപൂർവം എടുത്തു പറയേണ്ട ഒന്നാണെന്ന് സംഘാടകർ പറഞ്ഞു.
ഈയൊരു ടൂർണമെന്റോടെ ഒമാൻ അന്തർദേശീയ ടെന്നിസ് ബോള്‍ ക്രിക്കറ്റ് ടീം രൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു രാജ്യങ്ങളിലെ അന്തർദേശീയ ടെന്നിസ് ബാള്‍ ക്രിക്കറ്റ് ടീമുകളെ പെങ്കടുപ്പിച്ച് ഗള്‍ഫ് കപ്പ്, ഏഷ്യ കപ്പ് , ടെന്നിസ് ബാള്‍ ക്രിക്കറ്റ് ലോകകപ്പും സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. അതിനായി സ്വന്തമായി ഗ്രൗണ്ട്, സ്റ്റേഡിയം എന്നിവയും സ്വപ്ന പദ്ധതികളാണ്.
ഒമാൻ കായിക മന്ത്രാലയത്തിന് ഞങ്ങള്‍ ഈ പദ്ധതി സമർപ്പിച്ചപ്പോള്‍ വലിയ പിന്തുണയാണ് ലഭിച്ചത്. അതിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സംഘാടകർ പറഞ്ഞു.
വാർത്തസമ്മേളനത്തില്‍ മസ്കത്ത് ടെന്നിസ് ക്രിക്കറ്റ് ലീഗ് സ്ഥാപകനും ചെയർമാനുമായ കെ.സി.ഷഹീർ, സെക്രട്ടറി ലിജു മേമന, സംഘാടകരായ അനുരാജ് രാജൻ, മുഹമ്മദ് റാഫി സ്പോണ്‍സർമാരായ സന്തോഷ് (ബ്രേവ് ഹേർട്ട്), ഹമൂദ് എന്നിവർ പങ്കെടുത്തു.
STORY HIGHLIGHTS:Tennis Cricket Premier League Tournament in February