ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ
മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. തിരഞ്ഞെടുപ്പ് ദിവസം അടുത്തെത്തിയതോടെ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ജനുവരി 18 ശനിയാഴ്‌ച നടക്കുന്ന തിരഞ്ഞെടുപ്പിൽ എട്ട് സ്‌ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡിൽ നിലവിൽ ബോർഡ് അംഗങ്ങളായ ഷമീർ പി ടി കെ, കൃഷ്‌ണേന്ദു, സയ്യിദ് അഹമദ് സൽമാൻ, നിതീഷ് കുമാർ എന്നിവർക്ക് പുറമെ ഡോ. സജി ഉതുപ്പാൻ, വിജയ് ശരവണ ശങ്കരൻ, പ്രഭാകരൻ കൃഷ്ണമൂർത്തി, ദാമോദർ ആർ എന്നിവരാണ് മത്സര രംഗത്തുള്ളത്.
സാമുഹിക മാധ്യമങ്ങൾ വഴിയും രക്ഷിതാക്കളെ നേരിട്ട് കണ്ടും പ്രചാരണം സജീവമാക്കിയിരിക്കുകയാണ് സ്‌ഥാനാർഥികൾ. ഇവരിൽ പകുതി പേരും മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ സ്‌ഥാനാർഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. സമീപ കാലത്തെ ഏറ്റവും കുറഞ്ഞ സ്‌ഥാനാർഥി നിരക്കാണ് ഇത്തവണത്തേത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11ഉം തൊട്ടു മുമ്പുള്ള വർഷം 14ഉം അതിന് മുമ്പ് 18ഉം സ്‌ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ഒമാനിലെ 22 ഇന്ത്യൻ സ്‌കൂളുകളെയും ഭരിക്കുന്ന ഭരണ സമിതിയായ ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. നാളെ രാവിലെ എട്ടു മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലാണ് വോട്ടെടുപ്പ്. ഐ എസ് എമ്മിലെ 5,125 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുള്ളത്.
കഴിഞ്ഞ വർഷങ്ങളിൽ 65 ശതമാനത്തിൽ താഴെ മാത്രമായിരുന്നു പോളിംഗ്. അതേസമയം, സ്‌ഥാനാർഥികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ഇത്തവണ വോട്ടിംഗ് ശതമാനം കുറയാനിടയുണ്ട്. വോട്ടെടുപ്പ് സുഗമമാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിച്ചുവരികയാണ്. തിരഞ്ഞെടുപ്പ് ദിവസം തന്നെ വൈകീട്ട് ഫലവും പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് ദിവസങ്ങൾ അടുത്തതോടെ സ്‌ഥാനാർഥികളുടെ പ്രചരണ പ്രവർത്തനങ്ങൾ വ്യത്യസ്‌ത രീതികളിൽ പുരോഗമിക്കുകയാണ്. വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കുന്ന പ്രവർത്തനങ്ങളിൽ തുടരുകയാണ് സ്‌ഥാനാർഥികൾ. സ്‌ഥാനാർഥികളുടെ പ്രചരണങ്ങൾക്കും കർശന നിയന്ത്രണങ്ങളുണ്ട്. ഇത് ലംഘിച്ചാൽ സ്‌ഥാനാർഥിത്വം റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. പരാതികൾ പരിശോധിക്കാൻ പ്രത്യേക വിഭാഗവും കമ്മീഷനിൽ പ്രവർത്തിക്കുന്നുണ്ട്.
സ്‌ഥാനാർഥികളെ കുറിച്ചുള്ള ചെറു വിവരണങ്ങളും ചെറു വീഡിയോകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്ക് ഇതുവഴി സ്‌ഥാനാർത്ഥികളെ കുറിച്ച് കൂടുതൽ അറിയാൻ കഴിയും. രക്ഷിതാക്കൾക്ക് തിരഞ്ഞെടുപ്പ് സംബന്ധമായ മുഴുവൻ വിവരങ്ങളും അറിയുന്നതിനും വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
STORY HIGHLIGHTS:Elections for the Indian School Board of Directors in Oman tomorrow