ഇന്ത്യന്‍ മുട്ടകള്‍ക്ക് ഒമാനില്‍ നിരോധനം
ഇന്ത്യന് കോഴി മുട്ടകള്ക്ക് പുതിയ ഇറക്കുമതി പെര്മിറ്റുകള് നല്കുന്നത് നിര്ത്തിയ ഒമാന്റെ നടപടി പാര#്ലമെന്റിലും ചര്ച്ചയായി.
ഒമാന്റെ തീരുമാനം ഏറ്റവും വലിയ തിരിച്ചടിയായത് തമിഴ്നാട്ടിനായിരുന്നു. നേരത്തെ ഖത്തറും ഇന്ത്യന് മുട്ടകള്ക്ക് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം സമാന തീരുമാനം ഒമാനും കൈക്കൊണ്ടത്.
നാമക്കലില് നിന്ന് വന് തോതില് കോഴിമുട്ടകള് കയറ്റുമതി ചെയ്തിരുന്ന രണ്ട് രാജ്യങ്ങളാണ് ഖത്തറും ഒമാനും. ഇരുരാജ്യങ്ങളുടെയും തീരുമാനം തമിഴ്നാട്ടിലെ ഫാം കര്ഷകര്ക്ക് വലിയ തിരിച്ചടിയായതോടെയാണ് വിഷയം പാര്ലമെന്റില് ചര്ച്ചയായത്.
നാമക്കല് എം.പിയും ഡി.എം.കെ നേതാവുമായ കെ.ആര്.എന് രാജേഷ്കുമാര് ആണ് ഈ വിഷയം രാജ്യസഭയില് ഉന്നയിച്ചത്. ഇന്ത്യയില് നിന്നുള്ള മുട്ട ഇറക്കുമതി പുനരാരംഭിക്കുന്നതിന് ഒമാന്, ഖത്തര് അധികൃതരുമായി ചര്ച്ച നടത്തണമെന്ന് അദ്ദേഹം കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെട്ടു. കോഴി കര്ഷകരും മുട്ട കയറ്റുമതിക്കാരും നേരിടുന്ന വെല്ലുവിളികള് ചര്ച്ച ചെയ്യാന് ഇന്ത്യയിലെ ഒമാന്, ഖത്തര് അംബാസഡര്മാരുമായി കൂടിക്കാഴ്ചകള് നടത്താന് സയമം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറ് മാസമായി നാമക്കലിലെ കര്ഷകര് പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ജൂണില് ആണ് മുട്ടകള്ക്ക് ഇറക്കുമതി പെര്മിറ്റ് നല്കുന്നത് ഒമാന് നിര്ത്തിയത്. വിഷയത്തില് കോണ്സുലേറ്റ് തലത്തിലെ നിരവധി ചര്ച്ചകള് നടന്നതോടെ സെപ്തംബറില് കര്ശന നിയന്ത്രണങ്ങളോടെ ഇറക്കുമതി പുനരാരംഭിച്ചെങ്കിലും കഴിഞ്ഞദിവസം വീണ്ടും നിര്ത്തുകയായിരുന്നു.
നിയന്ത്രണങ്ങള് മൂലം ചുരുങ്ങിയത് 15 കോടി രൂപ വിലമതിക്കുന്ന മുട്ടകള് കുടുങ്ങിക്കിടക്കുകയാണെന്നും അത് ഉടന് നശിക്കുമെന്നും നാമക്കലില് നിന്നുള്ള മുട്ട കയറ്റുമതിക്കാരനും ലൈവ്സ്റ്റോക്ക് ആന്ഡ് അഗ്രിഫാര്മേഴ്സ് ട്രേഡ് അസോസിയേഷന് (ലിഫ്റ്റ്) ജനറല് സെക്രട്ടറിയുമായ പി.വി സെന്തില് പറഞ്ഞു.
STORY HIGHLIGHTS:Indian eggs banned in Oman