മണി എക്സ്ചേഞ്ച് തട്ടിപ്പ് ഓമൻ പൗരൻ്റെ കാത്തിരിപ്പ് 15 വര്‍ഷം പിന്നിടുന്നു
ഒമാൻ:മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം ഒമാനി റിയാലുമായി (ഇന്ത്യൻ രൂപയില്‍ ഇന്നത്തെ മൂന്നേമുക്കാല്‍ കോടിയിലധികം) മുക്കിയ സംഭവത്തില്‍ മലയാളി ജീവനക്കാരനെത്തേടിയുള്ള ഒമാനി പൗരന്റെ അന്വേഷണം 15 വർഷം പിന്നിടുന്നു.
സ്റ്റീവ് എന്ന മലയാളിയാണ് സംഭവം പുറത്തായതിന് പിന്നാലെ പാസ്പോർട്ട് പോലും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അന്വേഷണത്തിലും പുരോഗതിയില്ലാതായതോടെ ഡിജിപിയെ നേരിട്ട് കാണാൻ ശ്രമിക്കുകയാണ് മുഹമ്മദ് ഹമദ് ഗസ്സാലി.
ഒമാനിലെ മണി എക്സ്ചേഞ്ച് ഉടമയായിരുന്നു മുഹമ്മദ് ഹമദ് അല്‍ ഗസ്സാലി. സ്റ്റീവ് എന്ന മലയാളി ബ്രാഞ്ച് മാനേജരായി ഇരുന്നത് 2009 ഫെബ്രുവരി മുതല്‍ ആഗസ്ത് വരെ വെറും 6 മാസം. ഇടപാടിനായി വന്ന ഒന്നേമുക്കാല്‍ ലക്ഷം ഒമാനി റിയാല്‍ കാണാനില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇന്ത്യൻ രൂപയില്‍ ഇന്നത്തെ മൂന്നേമുക്കാല്‍ കോടിയിലധികം. അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം പോയതിന് ചുമതലയുണ്ടായിരുന്ന സ്റ്റീവിന് കൃത്യമായ മറുപടിയുണ്ടായില്ല. പൊലീസ് കേസായി, കോടതിയിലെത്തി, പക്ഷെ സ്റ്റീവിനെ കാണാതായി. 2012ല്‍ എറണാകുളത്തെത്തി സ്റ്റീവിനെ നേരിട്ട് കണ്ടെത്തി. പണം തിരികെ നല്‍കാമെന്ന് സമ്മതിച്ച്, നോട്ടറി ഒപ്പിട്ട് അന്നെഴുതിയ കരാറും ഇപ്പോഴും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. പക്ഷെ ഒന്നും നടന്നില്ല.
ഇന്‍റർപോള്‍ വരെയെത്തിയ കേസില്‍, ക്രൈബ്രാഞ്ച് അന്വേഷണം നടന്നിരുന്നു. പണമിടപാടിന്റെ ചില രേഖകള്‍ കൂടി ലഭിക്കാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. സർക്കാർ തലത്തില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ ഫലമുണ്ടാകൂ എന്ന നിലപാടിലാണ് ഇദ്ദേഹം. സ്റ്റീവിനെ ബന്ധപ്പെടാൻ ശ്രമിച്ചാലും നല്‍കിയ നമ്ബരുകളില്‍ ഒന്നും പ്രവർത്തിക്കുന്നില്ല. മലയാളികളോട് ഏറെ മതിപ്പുള്ള മുഹമ്മദ് ഹമദ് ഗസ്സാലിയുടെ ആ വിശ്വാസത്തിന് കൂടിയാണ് മുറിവേറ്റത്.
STORY HIGHLIGHTS:The investigation by an Omani citizen looking for a Malayali employee in the case of embezzling one and a quarter million Omani riyals from a money exchange firm has been going on for 15 years.