FootballSports

സോക്ക ലോകകപ്പ് ഫുട്ബാള്‍:ഒമാൻ കിരീടം ചൂടി.

ഒമാൻ:സോക്ക ലോകകപ്പ് സിക്‌സ് എ സൈഡ് ഫുട്ബാള്‍ ടൂർണമെന്റില്‍ ഒമാൻ കിരീടം ചൂടി. സീബിലെ ഒമാൻ ഓട്ടോമൊബൈല്‍ അസോസിയേഷൻ സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിലവിലെ ചാമ്ബ്യന്മാരായ കസാഖ്സ്താനെ പരാജയപ്പെടുത്തിയാണ് സുല്‍ത്താനേറ്റ് കപ്പില്‍ മുത്തമിട്ടത്.

മത്സരം മുഴുവൻ സമയവും1-1 സമനിലയില്‍ കലാശിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഷൂട്ടൗട്ടില്‍ ഒമാൻ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ കസാഖിസ്താന് ഒരു ഗോള്‍ മാത്രമേ അടിക്കാനായുള്ളു.

സെമിയില്‍ റൊമാനിയയെ 4-1ന് പരാജയപ്പെടുത്തിയാണ് ഒമാൻ ഫൈനലില്‍ എത്തുന്നത്. മത്സരം കാണാനായി നൂറുകണക്കിനാളുകള്‍ സ്റ്റേഡിയത്തില്‍ തടിച്ച്‌ കൂടിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടന്ന കളി മാമാങ്കത്തില്‍ യു.എസ്, ഇറ്റലി, കാനഡ, ഖത്തർ, ഒമാൻ, ജർമനി, ബള്‍ഗേറിയ, ജോർജിയ, ലിബിയ, സെർബിയ, ഗ്രീസ്, ബെല്‍ജിയം, സൈപ്രസ്, കുവൈത്ത്, ഇറാഖ്, ബ്രസീല്‍, ഈജിപ്ത്, അയർലൻഡ്, കൊളംബിയ, ഇറാൻ, പോളണ്ട്, ഫ്രാൻസ്, തുർക്കിയ, പാകിസ്താൻ, ഹെയ്തി, മെക്‌സിക്കോ, ലാത്വിയ, അല്‍ബേനിയ, പെറു, ഓസ്‌ട്രേലിയ, കസാഖ്സ്താൻ, ഇംഗ്ലണ്ട്, റൊമാനിയ, ഉറുഗ്വേ, സുഡാൻ, ക്രൊയേഷ്യ, ഹംഗറി, അർജന്‍റീന, തുനീഷ്യ, ദക്ഷിണാഫ്രിക്ക എന്നിങ്ങനെ 40 ടീമുകളായിരുന്നു മാറ്റുരച്ചിരുന്നത്.

ഒമാൻ ഓട്ടോമൊബൈല്‍ അസോസിയേഷനില്‍ അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിർമിച്ച ആധുനിക സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍ നടന്നിരുന്നത്. കായിക മത്സരങ്ങള്‍ക്ക് അസാധാരണമായ ഒരു പ്ലാറ്റ്ഫോം നല്‍കാനുള്ള ഒമാന്‍റെ പ്രതിബദ്ധതയാണ് ഈ അത്യാധുനിക സൗകര്യം പ്രതിഫലിപ്പിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് സോക്ക ഫെഡറേഷൻ പ്രസിഡന്‍റും സംഘാടക സമിതി ഡയറക്ടറുമായ വലീദ് അല്‍ ഉബൈദാനി അറിയിച്ചു.

ടൂർണമെന്‍റില്‍ ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 11 വരെ കുടുംബ, സൗഹൃദ, വിനോദ, സാംസ്കാരിക പരിപാടികളും ഉണ്ടായിരുന്നു. ഇത് സന്ദർശകർക്കും പങ്കെടുക്കുന്നവർക്കും ആവേശം പകരുന്നതായി. 2018ല്‍ പോർച്ചുഗലിലാണ് സോക്ക ലോകകപ്പ് ഫുട്ബാള്‍ ടൂർണമെന്‍റ് ആരംഭിക്കുന്നത്. ടൂർണമെന്‍റ് ഭാവിയില്‍ കൂടുതല്‍ അന്താരാഷ്ട്ര ടൂർണമെന്‍റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒമാന്‍റെ സാധ്യതകള്‍ വർധിപ്പിക്കും.

STORY HIGHLIGHTS:SOCA World Cup Football: Oman wins the title.

Related Articles

Back to top button