FootballSports

അറേബ്യൻ ഗള്‍ഫ് കപ്പിന് മുന്നോടിയായി ഒമാൻ യമനുമായി സൗഹൃദ മത്സരം

ഒമാൻ:അറേബ്യൻ ഗള്‍ഫ് കപ്പിന് മുന്നോടിയായി ഒമാൻ യമനുമായി സൗഹൃദ മത്സരം കളിക്കും. ഡിസംബർ 16ന് സുല്‍ത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സില്‍ ആണ് കളി.

ടൂർണമെന്റിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച കോച്ച്‌ റഷീദ് ജാബിർ ഇവർക്കായി അഞ്ചു ദിവസത്തെ പരിശീലനം മസ്കത്തില്‍ നല്‍കുകയും ചെയ്തിരുന്നു.

പുതുരക്തങ്ങള്‍ക്ക് പ്രധാന്യം നല്‍കിയുള്ള സ്ക്വാഡില്‍ ഒമാന്‍റെ ഒളിമ്ബിക്, അണ്ടർ 20 ടീമുകളില്‍ നിന്നുള്ള നിരവധി പുതുമുഖങ്ങള്‍ ആയിരുന്നു ഉള്‍പ്പെട്ടിരുന്നത്. സമീപകാലങ്ങളില്‍ താരങ്ങള്‍ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് യുവതാരങ്ങള്‍ക്ക് വഴി തുറന്നത്.

കളിക്കാരുടെ ശാരീരികവും സാങ്കേതികവുമായ കഴിവ് വളർത്തുന്നതിലായിരുന്നു ക്യാമ്ബ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ക്യാമ്ബില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് ഗള്‍ഫ് കപ്പിനുള്ള ടീമില്‍ ഇടം നേടാൻ സാധിച്ചേക്കും. കളിക്കാരുടെ കണ്ടീഷനിങ്ങും തന്ത്രപരമായ അവബോധവും മികച്ചതാക്കാനായിരുന്നു ക്യാമ്ബിലൂടെ ലക്ഷ്യമിട്ടിരുന്നത്.

അറേബ്യൻ ഗള്‍ഫ് കപ്പില്‍ ആതിഥേയരായ കുവൈത്ത്, ഖത്തർ, യു.എ.ഇ എന്നിവക്കൊപ്പം ഗ്രൂപ് എയിലാണ് ഒമാൻ. ഗ്രൂപ് ബിയില്‍ നിലവിലെ ചാമ്ബ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്‌റൈൻ, യമൻ എന്നിവരുമാണുള്ളത്. ഡിസംബർ 21ന് ഉദ്ഘാടന മത്സരത്തില്‍ കുവൈത്തിനെതിരെ ഒമാന്‍റെ ആദ്യ മത്സരം നടക്കും. 24ന് ഖത്തറിനെതിരെയും 27ന് യു.എ.ഇക്കെതിരെയുമാണ് ഒമാന്റെ ഗ്രൂപ് ഘട്ട മത്സരങ്ങള്‍ വരുന്നത്. കഴിഞ്ഞ വർഷം കൈവിട്ടുപോയ അറേബ്യൻ ഗള്‍ഫ് കപ്പ് തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ. മികച്ച കളി പുറത്തെടുത്തിരുന്നുവെങ്കിലും അന്ന് ഇറാഖിനോട് അടിയറവ് പറയുകയായിരുന്നു.

ബസ്റ ഒളിമ്ബിക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 3-2നാണ് പൊരുതി തോറ്റത്. ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകാൻ സാധ്യതയില്ല. അതേസമയം, തങ്ങളുടേതായ ദിവസങ്ങളില്‍ ആരെയും അട്ടിമറിക്കാൻ കെല്‍പ്പുള്ളവരാണ് റെഡ്‍വാരിയേഴ്സ്. അതുകൊണ്ടുതന്നെ ടീം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ആരാധകർ.

ജവാദ് അല്‍ അസി, അദ്നാൻ അല്‍ മുഷെഫ്രി, മൊതാസിം അല്‍ വഹൈബി (അല്‍ സീബ്), യൂസഫ് അല്‍ ഷബീബി, മാജിദ് അല്‍ ഫാർസി, ഗസ്സാൻ അല്‍ മസ്‌റൂരി, സഈദ് അല്‍ സലാമി (അല്‍ ഷബാബ്), യാസർ അല്‍ ബലൂഷി, ഫഹദ് അല്‍ മുഖൈനി (സൂർ), അബ്ദുല്‍ ഹാഫിദ് അല്‍ മുഖൈനി, മമൂൻ അല്‍ ഒറൈമി, സലിം അല്‍ ദാവൂദി, യൂസഫ് ഗിലാനി (സൂർ), ഓദി അല്‍ മൻവാരി, മുഹന്നദ് അല്‍ സാദി (അല്‍ സലാം), ഹുദൈഫ അല്‍ മമാരി (അല്‍ റുസ്താഖ്), അബ്ദുല്‍ റഹ്മാൻ അല്‍ യാഖൂബി, മുതീ അല്‍ സാദി (ഇബ്രി), അബ്ദുല്ല അല്‍ മുഖൈനി (അല്‍ താലിയ), മുഹമ്മദ് മുസ്തഹീല്‍ (സലാല), മൈതാം അല്‍ അജ്മി (അല്‍ ഇത്തിഹാദ്), സലിം അല്‍ അബ്ദുല്‍ സലാം (സഹം), അബ്ദുല്ല അല്‍ മഅമ്‌സാരി (യു.എ.ഇ ഹത്ത എഫ്‌.സി), അല്‍ ഫറജ് അല്‍ കിയുമി (അല്‍ ഖാബൂറ), അഹദ് അല്‍ മഷേഖി (അല്‍ നഹ്ദ), നിബ്രാസ് അല്‍ മഷാരി (മസ്‌കത്ത്), അലി അല്‍ ബലൂഷി (ഒമാൻ ക്ലബ്) എന്നിവരാണ് 27അംഗ സ്ക്വാഡില്‍ ഉള്‍പ്പെട്ടത്.

STORY HIGHLIGHTS:Oman to play friendly match against Yemen ahead of Arabian Gulf Cup

Related Articles

Back to top button