എക്സ്പ്രസ് വേയുടെ ഇരട്ടിപ്പിക്കലിന് അംഗീകാരം നല്കി ഒമാന്‍
ഒമാൻ:ആദം-തുംറൈത്ത് റോഡിന്റെയും ജബല്‍ ഷംസ് റോഡിന്റെയും ഭാഗങ്ങള്‍ ഇരട്ടിപ്പിക്കുന്നതിന് ടെന്‍ഡര്‍ ബോര്‍ഡ് ജനറല്‍ സെക്രട്ടേറിയറ്റ് 278 ദശലക്ഷം ഒമാനി റിയാലിന്റെ കരാര്‍ നല്കി.
ആദം-തുംറൈത് റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 2025ന്റെ തുടക്കത്തില്‍ ആരംഭിക്കും. 36 മാസത്തെ കാലയളാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷയും ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇരട്ടപ്പാതയായി വികസിപ്പിക്കും. ആദം-തുംറൈത് റോഡിന്റെ മൂന്നാം ഘട്ടം 132.5 കിലോമീറ്റര്‍ നീളത്തില്‍ ഹൈമയെ മക്ഷാനുമായി ബന്ധിപ്പിക്കും. കൂടാതെ പാലങ്ങളുടെ നിര്‍മ്മാണം, ട്രക്ക് വെയ്റ്റ് സ്റ്റേഷനുകള്‍, നിരവധി ഡ്രെയിനേജ് സംവിധാനങ്ങള്‍ തുടങ്ങിയ വിപുലമാക്കും. നാലാം ഘട്ടം മക്ഷാന് മുതല്‍ ദുക്ക വരെ 135 കിലോമീറ്ററും അഞ്ചാമത്തേതും അവസാനത്തേതുമായ ഘട്ടം 132 കിലോമീറ്ററിലധികം വ്യാപിപ്പച്ച് ദുക്കയെ തുംറൈറ്റുമായി ബന്ധിപ്പിക്കും.
ഈ പദ്ധതി എന്‍ജിനീയര്‍, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം, സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാക്കുമെന്ന് റോഡ്സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ യൂസഫ് ബിന്‍ അബ്ദുല്ല അല്‍ മുജൈനി പറഞ്ഞു.
ആദം-തുംറൈത് പദ്ധതിക്ക് പുറമെ ജബല്‍ ഷംസ് റോഡിന്റെ വികസനവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പുതിയ ടൂറിസ്റ്റ് റൂട്ട് ശരത്, ഷംസ് മലനിരകള്‍ക്ക് ചുറ്റുമുള്ള പ്രധാന പ്രദേശങ്ങളെ സൗത്ത് അല്‍ ബത്തിന, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളുമായി ബന്ധിപ്പിക്കും. ഒമാന്റെ ടൂറിസം വ്യവസായത്തെ പദ്ധതി കൂടുതല്‍ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
STORY HIGHLIGHTS:Oman approves doubling of expressway