ഒമാൻ:ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യൻ സ്കൂള്‍ ടാലന്റ് ഫെസ്റ്റില്‍ (ഐ.എസ്.ടി.എഫ്) ഇന്ത്യൻ സ്കൂള്‍ വാദികബീർ ഓവറോള്‍ ചാമ്ബ്യന്മാരായി.
ഇന്ത്യൻ സ്കൂളിനാണ് രണ്ടാം സ്ഥാനം.
ഇന്ത്യൻ സ്കൂള്‍ വാദികബീറില്‍ നടന്ന പരിപാടിയില്‍ 22 ഇന്ത്യൻ സ്കൂളുകളില്‍നിന്നുള്ള വിദ്യാർഥികള്‍ മാറ്റുരച്ചു. 39 മത്സരാധിഷ്ഠിതവും രണ്ട് മത്സരേതര പരിപാടികളും സംഘടിപ്പിച്ചു.
ഒരു ലോകം, ഒരു കുടുംബം എന്ന തലക്കെട്ടിലായിരുന്നു പരിപാടി. ഇന്ത്യൻ സ്കൂള്‍ സീനിയർ സ്കൂളിലെ മള്‍ട്ടിപർപസ് ഹാളില്‍ നടന്ന പരിപാടി മുഖ്യാതിഥിയായ ഒമാനിലെ അറബ് ഓപണ്‍ യൂനിവേഴ്സിറ്റി ബിസിനസ് സ്റ്റഡീസ് ഫാക്കല്‍റ്റി ആക്ടിങ് ഡീൻ ഡോ. കബാലി പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
മസ്കത്ത് ഇന്ത്യൻ എംബസിയിലെ വിദ്യാഭ്യാസ ഫസ്റ്റ് സെക്രട്ടറിയും ചാൻസറി മേധാവിയുമായ പർദീപ് കുമാർ, ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സല്മാൻ, ഡയറക്ടർ ബോർഡ് അംഗങ്ങള്‍, ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെയും ഇന്ത്യൻ എംബസിയിലെയും അംഗങ്ങള്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ അംഗങ്ങള്‍, ഷെയ്ഖ് അനില്‍ ഖിംജി, രാജേന്ദ്ര വേദ്, വിവിധ സ്കൂളുകളില്‍ നിന്നുള്ള പ്രിൻസിപ്പല്‍മാർ, മറ്റ് ഇന്ത്യൻ സ്കൂളുകളില്‍ നിന്നുള്ള സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍, മാതാപിതാക്കള്‍,വിദ്യാർഥികള്‍ എന്നിവർ പങ്കെടുത്തു.
ഐ.എസ്.ഡബ്ല്യു.കെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ ഹോണററി പ്രസിഡന്റ് സച്ചിൻ തോപ്രാനിയുടെ സ്വാഗതത്തോടെയാണ് പരിപാടി ആരംഭിച്ചത്. വൈവിധ്യമാർന്ന സംസ്കാരങ്ങള്‍ക്കിടയിലുള്ള ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സല്മാൻ സംസാരിച്ചു. രണ്ട് ദിവസം നീണ്ട മേള വിദ്യാർഥികളുടെ കഴിവുകള്‍ പ്രകടമാക്കുന്നതായിരുന്നു.
സമാപന ചടങ്ങില്‍, ടൈംസ് ഓഫ് ഒമാൻ, അല്‍ ഷബീബ അറബിക് ന്യൂസ്പേപ്പർ, മസ്കത്ത് മീഡിയ ഗ്രൂപ് ചെയർമാൻ മുഹമ്മദ് ഈസ അല്‍ സദ്ജാലി, ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഒമാൻ രാജകീയ ഗാനവും ഇന്ത്യയുടെ ദേശീയഗാനവും ആലപിച്ച് പരിപാടിക്ക് തിരശ്ശീല വീണു.
STORY HIGHLIGHTS: