ഒമാനും അള്‍ജീരിയയും എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു
ഒമാൻ:വിവിധ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ട് ഒമാനും അള്‍ജീരിയയും എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. അള്‍ജീരിയൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്.
അള്‍ജീരിയൻ പ്രസിഡന്റ് അബ്ദുല്‍ മജീദ് തെബൂണിനെ ആലം പാലസില്‍ സുല്‍ത്താൻ ഹൈതം ബിൻ താരിക്ക് സ്വീകരിച്ചു
ഉന്നത വിദ്യാഭ്യാസം, ഗവേഷണം, പരിസ്ഥിതി, സുസ്ഥിര വികസനം, സാമ്ബത്തിക സേവനങ്ങള്‍, തൊഴില്‍, പരിശീലനം, മാധ്യമം എന്നീ മേഖലകളില്‍ നിക്ഷേപവും സഹകരണവും വർധിപ്പിക്കാനുള്ള ധാരണപത്രങ്ങളിലാണ് ഇരു രാജ്യങ്ങളിലെ വകുപ്പ് മന്ത്രിമാർ ഒപ്പുവച്ചത്. അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ധാരണാപത്രം എന്ന് ഒമാൻ ദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അല്‍ ബുസൈദി പറഞ്ഞു. ഒമാനി-അള്‍ജീരിയൻ ബന്ധം കൂടുതല്‍ വളർച്ചയുടെയും അഭിവൃദ്ധിയുടെയും മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തിയ അള്‍ജീരിയൻ പ്രസിഡന്റിനെ ഒമാൻ സുല്‍ത്താന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആലം പാലസില്‍ സുല്‍ത്താനും അള്‍ജീരിയൻ പ്രസിഡന്റും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. മേഖലയിലെ സുരക്ഷയും സമാധാനവും കൈവരിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ ഇരു നേതാക്കളും നിലവിലെ സാഹചര്യങ്ങള്‍ ചർച്ച ചെയ്യുകയും അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്തു. സ്വീകരണത്തിന് അള്‍ജീരിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു. ഈ സന്ദർശനം ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ ക്ഷേമത്തിനായി വിജയിക്കട്ടെയെന്ന് ഒമാൻ സുല്‍ത്താൻ ആശംസിച്ചു.
STORY HIGHLIGHTS:Oman and Algeria signed eight MoUs