News

ഓണ്‍ലൈൻ ബാങ്കിങ് തട്ടിപ്പ്; ആറുപേര്‍ പിടിയില്‍

ഒമാൻ:ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച സംഭവത്തില്‍ ഏഷ്യൻ വംശജരായ ആറുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ജനറല്‍ ഡിപ്പാർട്മെന്‍റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചാണ് ഇവരെ പിടികൂടിയത്. ബാങ്കിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞായിരുന്നു ഇവർ ഇരകളില്‍നിന്ന് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തിയിരുന്നത്.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം കാളുകളോട് പ്രതികരിക്കരുതെന്നും അജ്ഞാത വ്യക്തികളോട് വ്യക്തിഗത, ബാങ്കിങ് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും റോയല്‍ ഒമാൻ പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.

ഓണ്‍ലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ശക്തമായ ബോധവത്കരണമാണ് റോയല്‍ ഒമാൻ പൊലീസും ബാങ്കിങ് മേഖലയും നടത്തുന്നത്. ബാങ്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച്‌ അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിക്കെതിരെ മുന്നറിയിപ്പ് നല്‍കിയതോടെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കാൻ തുടങ്ങിയിരുന്നു.

ഇതിനിടെയാണ് വീണ്ടും സമാന രീതിയിലുള്ള തട്ടിപ്പ് രീതി പുറത്തുവന്നിട്ടുള്ളത്. പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളില്‍ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്ബറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകള്‍ നടന്നിരുന്നു.

എന്നാല്‍, ഇത്തരം തട്ടിപ്പുകളെക്കുറിച്ച്‌ ആളുകള്‍ ബോധവാന്മാരായതോടെ പുത്തൻ അടവുകളാണ് സംഘങ്ങള്‍ പയറ്റുന്നത്. സുരക്ഷ കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങള്‍ക്കായി ഈ നമ്ബറില്‍ ബന്ധപ്പെടണമെന്നും പറഞ്ഞാണ് പുതിയ രീതിയില്‍ നടക്കുന്ന തട്ടിപ്പുകളിലൊന്ന്.

ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനിലൂടെ പണം തട്ടുന്ന മറ്റൊരു രീതിക്കെതിരെയും മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലീസെത്തിയിരുന്നു.

പ്രതിദിന ശമ്ബളത്തില്‍ ജോലി വാഗ്‌ദാനം ചെയ്ത് ടെക്‌സ്‌റ്റ് സന്ദേശങ്ങള്‍ അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ആർ.ഒ.പി അറിയിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാൻ ആവശ്യപ്പെടും. എന്നിട്ട് സംഘം മുമ്ബ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും. പിന്നീട് അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് ഉടൻതന്നെ കൈമാറുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നത്.

ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങള്‍ കൈമാറരുതെന്ന് റോയല്‍ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി നല്‍കിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്‍റെ വിശദാംശങ്ങള്‍, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോണ്‍കാളുകളെയും മെസേജുകളെയും കുറിച്ച്‌ ജാഗ്രത തുടരണമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.

STORY HIGHLIGHTS:online banking fraud;  Six people were arrested

Related Articles

Back to top button