Health

ജ്യൂസ് ഷോപ്പുകള്‍ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകള്‍

ഒമാൻ:ജ്യൂസ്‌  ഷോപ്പുകള്‍ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ സംബന്ധിച്ച്‌ മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സ്ഥാപന ഉടമകള്‍ ഈ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കേണ്ടതാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ജ്യൂസ് ഷോപ്പുകള്‍ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകള്‍:

ഇത്തരം സ്ഥാപനങ്ങളുടെ ഉള്‍വശം, പരിസരങ്ങള്‍ എന്നിവ അത്യന്തം ശുചിയായി സൂക്ഷിക്കേണ്ടതാണ്.

ശരിയായ ഉപകരണങ്ങള്‍, ശുചീകരണ നടപടികള്‍, മാലിന്യനിർമാർജന രീതികള്‍ എന്നിവ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിർബന്ധമാണ്.

പഴച്ചാർ എടുക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ഓരോ ഉപയോഗത്തിന് ശേഷവും കൃത്യമായി ശുചിയാക്കേണ്ടതും, അണുവിമുക്തമാക്കേണ്ടതുമാണ്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പഴങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിച്ച്‌ വെക്കേണ്ടതാണ്. ഇതിനായി ഉചിതമായ ഫ്രീസർ, റഫ്രിജറേറ്റർ തുടങ്ങിയ ഉപകരണങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്.

പഴച്ചാർ എടുക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സ്റ്റൈൻലെസ്സ് സ്റ്റീല്‍ ഉപയോഗിച്ച്‌ നിർമ്മിച്ചവയായിരിക്കണം.

പഴച്ചാർ എടുത്ത ശേഷം അവ ഉടൻ തന്നെ ഉപയോഗിക്കേണ്ടതാണ്. കൂടുതല്‍ വരുന്ന പഴച്ചാർ പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ച്‌ വെക്കരുതെന്നും, അവ ഉടൻ തന്നെ ശരിയായ രീതിയില്‍ നിർമാർജ്ജനം ചെയ്യണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വരുന്ന പഴച്ചാർ, പഴച്ചാർ എടുത്ത ശേഷമുള്ള ഫ്രൂട്ട് വേസ്റ്റ് തുടങ്ങിയ ഇവ നിർമാർജ്ജനം ചെയ്യുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള വേസ്റ്റ് കണ്ടൈനറുകളില്‍ കൃത്യമായി നിക്ഷേപിക്കേണ്ടതാണ്.

ഇത്തരം ഷോപ്പുകള്‍ക്ക് ചുരുങ്ങിയത് 20 സ്‌ക്വയർ മീറ്ററെങ്കിലും വിസ്തൃതി ആവശ്യമാണ്.

ജ്യൂസ് ഷോപ്പുകളിലെ ജീവനക്കാർ കൃത്യമായ ശുചിത്വശീലങ്ങള്‍ പാലിക്കേണ്ടതാണ്. ഇവർ പഴച്ചാർ എടുക്കുന്ന അവസരങ്ങളിലെല്ലാം കയ്യുറകള്‍ ധരിക്കേണ്ടതാണ്.

STORY HIGHLIGHTS:Health and safety requirements to be followed by juice shops

Related Articles

Back to top button