പുതിയ ഇ-ഗേറ്റ് സംവിധാനം യാത്രക്കാർക്ക് ഏറെ സൗകര്യമാകുന്നു.
ഒമാൻ:അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തിടെ ആരംഭിച്ച പുതിയ ഇ-ഗേറ്റ് സംവിധാനം യാത്രക്കാർക്ക് ഏറെ സൗകര്യമാകുന്നു.
സുരക്ഷ ഉദ്യോഗസ്ഥരുടെയോ മറ്റോ സഹായമില്ലാതെ എമിഗ്രേഷൻ നടപടികള്‍ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ യാത്രക്കാർ ഒമാനിലേക്ക് പ്രവേശിക്കുമ്ബോഴും ഒമാനില്‍നിന്ന് പുറത്തേക്ക് പോകുമ്ബോഴുമുണ്ടാകുന്ന നടപടിക്രമങ്ങളും യാത്രാ രേഖകളുടെ പരിശോധനയും വേഗത്തിലായിട്ടുണ്ട്. ഒമാൻ വിഷൻ 2040 പദ്ധതിയുടെ ഭാഗമായി ഒമാനിലെ വിമാനത്താവളങ്ങളിലെ യാത്രാ സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പുതിയ സേവനം ആരംഭിച്ചത്.
യാത്രക്കാർക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ സേവനം സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയില്‍ നല്‍കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മസ്കത്ത് വിമാനത്താവള അധികൃതർ പറഞ്ഞു. യാത്രക്കാർക്ക് സ്വന്തമായി തന്നെ യാത്രാ രേഖകള്‍ റെക്കോഡ് ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ പേരിന് മാത്രമായിരിക്കുമെന്നും അധികൃതർ പറഞ്ഞു. നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലാക്കാനും യാത്രക്കാർക്ക് സമയ നഷ്ടം ഒഴിവാക്കാനും പുതിയ സേവനം സഹായകമാവുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ സ്മാർട്ട് ഇ-ഗേറ്റ് സംവിധാനം ഒമാനിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോവുന്നതുമായ യാത്രക്കാരുടെ ബയോമെട്രിക് വിരലടയാളങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് യാത്രാ രേഖകള്‍ പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക. യാത്രക്കാരുടെ മുഖ രൂപം റോയല്‍ ഒമാൻ പൊലീസിന്‍റെ സിസ്റ്റത്തിലുള്ള ബയോമെട്രിക് വിരളടയാളവുമായി യോജിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാണ് യാത്രക്കാരനെ രാജ്യത്തേക്ക് കടക്കുവാനോ പുറത്ത് പോകാനോ അനുവദിക്കുക. ഇത് സ്വന്തമായി ചെയ്യാൻ കഴിയുന്നതാണ്.
പുതിയ സംവിധാനത്തിലൂടെ യാത്രക്കാരന്‍റെ എല്ലാ വിവരങ്ങളും പരിശോധിക്കാനും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാനും കഴിയും. ആഗമന, നിഗമന ഹാളുകള്‍ക്കിടയിലാണ് പുതിയ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. പുറപ്പെടല്‍ ഭാഗത്ത് ആറ് ഗേറ്റുകള്‍ ഇക്കണോമി യാത്രക്കാർക്കായി സജ്ജമാക്കിയിട്ടുണ്ട്. ആഗമന ഭാഗത്ത് 12 ഗേറ്റുകളാണുള്ളത്. ഈ ഗേറ്റില്‍ ആറെണ്ണം തെക്ക് ഭാഗത്തും ആറെണ്ണം വടക്ക് ഭാഗത്തുമാണ്.
യാത്രക്കാർ ഗേറ്റ് ഉപയോഗപ്പെടുത്തുന്നതിനനുസരിച്ചായിരിക്കും ഇ ഗേറ്റിന്‍റെ കാര്യക്ഷമത. ഗേറ്റില്‍ കാണിക്കുന്ന നിർദേശങ്ങള്‍ പാലിക്കുന്നതിലെ വേഗം, മുഖം സ്കാൻ ചെയ്യുന്നതിനായി ഗേറ്റിനുള്ളിലെ കാമറക്ക് മുന്നില്‍ കൃത്യമായ സ്ഥാനത്ത് നില്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും സേവനത്തിന്‍റെ വേഗം. സാധാരണ ഗതിയില്‍ പുറപ്പെടല്‍ ഹാളിലെ ആറ് ഗേറ്റുകളിലൂടെ ഒരു മണിക്കൂറില്‍ ആയിരം യാത്രക്കാർക്ക് കടന്നു പോവാൻ കഴിയും.
ആഗമന ഭാഗത്തുള്ള 12 ഗേറ്റിലൂടെ ഒരു ദിവസം 24,000 പേർക്കാണ് രാജ്യത്ത് പ്രവേശിക്കാൻ കഴിയുക. ഭാവിയില്‍ 56 ദശലക്ഷം യാത്രക്കാർക്ക് ഒമാനിലേക്ക് വരാനും ഒമാനില്‍നിന്ന് പുറത്തേക്ക് പോവാനുമുള്ള സൗകര്യമാണ് മസ്കത്ത് വിമാനത്താവളത്തില്‍ ഒരുക്കുന്നത്.ഒമാനിലേക്ക് കൂടുതല്‍ സന്ദർശകരെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 103 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് വിസ ഇല്ലാതെയോ വിമാനത്താവളത്തിലെത്തുമ്ബോള്‍ വിസ നല്‍കുന്ന സംവിധാനത്തിലൂടെയോ ഒമാനില്‍ പ്രവേശിക്കാൻ അവസരം നല്‍കുന്നുണ്ട്.
STORY HIGHLIGHTS:The new e-gate system that has recently been launched at the Muscat International Airport is providing a lot of convenience to passengers.