പുതിയ അധ്യയന വർഷം മുതൽ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകൾ ആരംഭിക്കുന്നു

പുതിയ അധ്യയന വർഷം കൂടുതൽ അഡ്മിഷൻ
മസ്‌കത്ത്, ദാർസൈത്ത് ഇന്ത്യൻ സ്‌കൂളുകളിൽ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകൾ ആരംഭിക്കുന്നു
1. ക്ലാസിലെ കുട്ടികളുടെ അനുപാദം കുറയും
2. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ കിട്ടും
3. പഠന നിലവാരം മെച്ചപ്പെടുത്താനാകും
4. സെക്കന്‍ഡ് ലാംഗ്വേജ് തിരഞ്ഞെടുക്കുന്നതില്‍ കുട്ടികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും
പുതിയ അധ്യയന വർഷം കൂടുതൽ വിദ്യാർഥികൾ പ്രവേശനം തേടിയെത്തിയതോടെ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകൾ (ആഫ്റ്റർണൂൺ ഷിഫ്റ്റ്) ആരംഭിക്കാൻ ഇന്ത്യൻ സ്‌കൂളുകൾ.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഇന്ത്യൻ സ്‌കൂൾസ് ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെയും അനുമതി ലഭിച്ചതോടെ മസ്‌കത്ത്, ദാർസൈത്ത് ഇന്ത്യൻ സ്‌കൂളുകളാണ് രണ്ട് ഷിഫ്റ്റുകളിലായി ക്ലാസുകൾ വികസിപ്പിക്കുന്നത്.
കെ ജി മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകളിലാണ് രണ്ട് ഇന്ത്യൻ സ്‌കൂളുകളും ഷിഫ്റ്റ് സൗകര്യമൊരുക്കുന്നത്. ഇതുവഴി പുതിയ വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ സാധിക്കുന്നതിനൊപ്പം നിലവിലെ വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കാൻ അവസരമൊരുങ്ങുകയും ചെയ്യും. നിലവിലെ വിദ്യാർഥികളിൽ നിന്നും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിലേക്ക് മാറാൻ അഗ്രഹിക്കുന്നവരിൽ നിന്നും അഭിപ്രായങ്ങൾ തേടി മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ ഇതിനോടകം രക്ഷിതാക്കൾക്ക് സർക്കുലർ നൽകിയിട്ടുണ്ട്.
ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ നിന്നും വരും ദിവസങ്ങളിൽ സർക്കുലർ രക്ഷിതാക്കൾക്ക് അയക്കും.
അതേസമയം, ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിൽ ഈ മാസം 19 ഞായറാഴ്ച മുതൽ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് ക്ലാസുകൾ ആരംഭിക്കും. ഉച്ചക്ക് 1.15 മുതൽ വൈകീട്ട് 5.30 വരെയായിരിക്കും ക്ലാസ് സമയം. നിലവിൽ ആദ്യ ഷിഫ്റ്റ് 12.45ന് ആണ് അവസാനിക്കുന്നത്. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ ഷിഫ്റ്റ് ആരംഭിക്കുന്ന ദിവസവും ക്ലാസ് സമയവും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. രണ്ട് സ്‌കൂളുകളിലും ഷിഫ്റ്റ് ക്ലാസുകൾ ആരംഭിക്കുമ്പോൾ ആദ്യ ഘട്ടത്തിൽ നിലവിലുള്ള അധ്യാപകർ തന്നെയാകും ക്ലാസെടുക്കുക.
പുതിയ റിക്രൂട്ട്‌മെന്റ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിയമനം കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ അധ്യാപകരുടെ സേവനവും ലഭ്യമാകും.
ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് ക്ലാസുകൾ ആരംഭിക്കുന്നതോടെ വിവിധങ്ങളായ ഗുണങ്ങളാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലഭിക്കുന്നത്. ഇത്തവണ കൂടുതൽ അപേക്ഷകൾ വന്നതിനാൽ തന്നെ, മസ്‌കത്ത്, ദാർസൈത്ത് ഇന്ത്യൻ സ്‌കൂളുകളിൽ പ്രൈമറി, ജൂനിയർ ക്ലാസുകളിൽ അനുവദിച്ചതിൽ അധികം കുട്ടികൾ പഠനം നടത്തുന്നുണ്ട്. ആഫ്റ്റർണൂൺ ഷിഫ്റ്റ് വരുന്നതോടെ ഓരോ ക്ലാസുകളിലെയും കുട്ടികളുടെ അനുപാദം കുറയ്ക്കാൻ സാധിക്കും.
ഇതുവഴി കുട്ടികൾക്ക് അധ്യാപകരിൽ നിന്ന് കൂടുതൽ ശ്രദ്ധ കിട്ടുകയും പഠന നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുകയും ചെയ്യും. അധ്യാപകരുടെ അമിത ഭാരം ഒഴിവാക്കാനും അവസരം ലഭിക്കും. സെക്കൻഡ് ലാംഗ്വേജ് തിരഞ്ഞെടുക്കുന്നതിൽ കുട്ടികൾക്ക് കൂടുതൽ അവസരവും ലഭിക്കും.
തലസ്ഥാനത്തെ മറ്റു സ്‌കൂളുകളെ അപേക്ഷിച്ച് മസ്‌കത്ത്, ദാർസൈത്ത് ഇന്ത്യൻ സ്‌കൂളുകളിൽ ഇത്തവണ വലിയ തോതിൽ കുട്ടികൾ അഡ്മിഷന് അപേക്ഷ നൽകിയിരുന്നു. മികച്ച പഠന നിലവാരവും മറ്റു സ്‌കൂളുകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ഫീസും ഇതിന് കാരണമാണ്. ഷിഫ്റ്റ് ക്ലാസുകൾ കൂടി ആരംഭിക്കുന്നതോടെ അടുത്ത വർഷങ്ങളിൽ കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകാനും സാധിക്കും.
അതേസമയം, ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് ക്ലാസുകൾ ആരംഭിക്കുമ്പോൾ സ്‌കൂൾ ബസ് ട്രാൻസ്‌പോർട്ടേഷൻ സൗകര്യം ലഭ്യമാകുമോ എന്ന് വ്യക്തമല്ല. പുതിയ ഷിഫ്റ്റിലേക്ക് വരുന്ന വിദ്യാർഥികളുടെ എണ്ണം പരിഗണിച്ചാകും ട്രാൻസ്‌പോർട്ടേഷൻ ഏർപ്പെടുത്തുകയെന്നാണ് വിവരം.
STORY HIGHLIGHTS:Afternoon shifts start from the new academic year