വിസ തട്ടിപ്പ് പെരുകുന്നു, ജാഗ്രത വേണം
തിരുവനന്തപുരം:വിദേശ ജോലി വാഗ്ദാനത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ പെരുകുന്നു. ഇതിനെതിരേ ബോധവത്കരണവും വകുപ്പുകളുടെ ശക്തമായ ഇടപെടലുകളും തുടരുന്നതിനിടെയാണിത്.
വിദേശത്തേക്ക് കുടിയേറാനുള്ള മോഹം കൂടിയതോടെ വിസ തട്ടിപ്പിലും വൻ വർധന. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് എൻ.ആർ.ഐ. സെല്ലിൽ മാത്രം ദിവസേന എത്തുന്നത് 30-ലധികം പരാതികളാണ്. വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നവ വേറെയും. കിട്ടാത്ത വിസയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് മലയാളികൾക്ക് വർഷം തോറും നഷ്ടമാകുന്നത്.
ഗൾഫ്,കാനഡ, ഇസ്രയേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിലന്വേഷകർ കൂടിയതോടെയാണ് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുമാർ തഴച്ചത്. ഇത്തരം രാജ്യങ്ങളിലെ തൊഴിൽ വിസ കിട്ടാൻ എളുപ്പമാണെന്ന് തെറ്റിധരിപ്പിച്ചും കുറഞ്ഞ തുകയ്ക്ക് വിസ കിട്ടുമെന്ന് വാഗ്ദാനം ചെയ്തുമാണ് ആളുകളെ വീഴ്ത്തുന്നത്.
വാട്‌സാപ്പിലൂടെയാണ് ഓഫറുകളെത്തുന്നത്. തട്ടിപ്പിനിരയായവർ പോലീസിനെ സമീപിച്ച് സൈബർ സെൽ വഴി ഫോൺ നമ്പർ കണ്ടെത്തി ആളെ തിരയുമ്പോഴേക്കും തട്ടിപ്പുസംഘം പണവുമായി സ്ഥലം വിടും.
വെബ്‌സൈറ്റോ, മറ്റ് ഓഫീസുകളോ ഒന്നുമില്ലാതെ ഫോണിൽ കൂടിയുള്ള വിസ വാഗ്ദാനം അന്വേഷണ ഏജൻസികൾക്കും തലവേദനയായിട്ടുണ്ട്
കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള 15,00 ഓളം മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസികളാണ് രാജ്യത്തുള്ളത്. കേരളത്തിൽ 250 ഓളമുണ്ട്.
വിസ തട്ടിപ്പ് പരാതികളിൽ വർധന ഉണ്ടായതായും പിന്നിൽ പ്രവർത്തിക്കുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാത്തവരാണെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് നൽകിട്ടുണ്ട്.
വാട്‌സാപ്പ് വഴിയാണ് ആശയവിനിമയം. അവരുടെ വിവരങ്ങളോ, സ്ഥലമോ, വാഗ്ദാനം ചെയ്യുന്ന തൊഴിലിന്റെ നിജസ്ഥിതിയോ മനസ്സിലാക്കാൻ സാധിക്കാതെ വരുന്നു. വിദേശതൊഴിൽ തേടുന്ന വ്യക്തികൾ അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാരുടെ സേവനം മാത്രമേ സ്വീകരിക്കാവൂ. രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്റുമാരും അപ്രകാരം ലഭ്യമായ ലൈസൻസ് നമ്പർ അവരുടെ ഓഫീസിലും ന്യൂസ് പേപ്പർ, സോഷ്യൽ മീഡിയ തുടങ്ങിയവയിലെ പരസ്യങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണം. വിദേശ തൊഴിൽ ലക്ഷ്യമിടുന്ന വ്യക്തികൾ www.emigrate.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ടിങ് ഏജന്റുമാരെ സംബന്ധിക്കുന്ന നിജസ്ഥിതി പരിശോധിക്കണം.
സന്ദർശക വിസയുടെ മറവിൽ നടക്കുന്ന തട്ടിപ്പും കൂടിവരുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കാണ് ഇത് കൂടുതൽ. എന്നാൽ മലേഷ്യ പോലുള്ള ചില രാജ്യങ്ങളിൽ സന്ദർശക വിസയിലെത്തുന്നവർക്ക് തൊഴിൽ വിസ നൽകില്ല.
1983-ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഒരു ഏജന്റ് അവർ നൽകുന്ന സേവനങ്ങൾക്ക് 30000 + 18 ശതമാനം ജി.എസ്.ടി. (മൊത്തം 35,400 രൂപ) യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഈടാക്കുന്ന തുകയ്ക്ക് രസീതും വാങ്ങണം. പരാതികൾക്കും അന്വേഷണങ്ങൾക്കും കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസുമായി ബന്ധപ്പെടണം.
STORY HIGHLIGHTS:Visa fraud is on the rise, be vigilant