ഫാക് കുറുബ പദ്ധതിയിലുടെ 58 തടവുകാരെ മോചിപ്പിച്ചു.
ഒമാൻ:ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന ഫാക് കുറുബ പദ്ധതിയിലുടെ 58 തടവുകാരെ മോചിപ്പിച്ചു.
ഫാക് കുറുബക്ക് തുടക്കം കുറിച്ച് പത്ത് ദിവസത്തിനകമാണ് ഇത്രയുംപേരെ ഉറ്റവരുടെ സ്നേഹത്തണലിലെത്തിക്കാനായത്. പദ്ധതിക്ക് കൈത്താങ്ങുമായി ഒമാൻ ചാരിറ്റബ്ള്‍ ഓർഗനൈസേഷനും എത്തി. 60,000 റിയാല്‍ ഓർഗനൈസേഷൻ അധികൃതർ കൈമാറി.
കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഓർഗനൈസേഷന്‍റെ പ്രതിബദ്ധതയുടെ തെളിവാണ് സഹായഹസ്തമെന്ന് അധികൃതർ വ്യക്തമാക്കി. ഒമാൻ ചാരിറ്റബ്ള്‍ ഓർഗനൈസേഷന്‍റെ പിന്തുണക്ക് നന്ദി അറിയിച്ച ഫാക് കുറുബ പ്രതിനിധികള്‍, സമൂഹത്തിലെ അർഹരായ വ്യക്തികളിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന് ഇത്തരം പിന്തുണ സുപ്രധാന പങ്കുവഹിക്കുമെന്നും പറഞ്ഞു.
ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയുടെ 11ാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്. ഇതിനകം പത്തിലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങള്‍ പദ്ധതിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
മുൻകാല പതിപ്പുകളില്‍ ഈ സംരംഭത്തില്‍നിന്ന് പ്രയോജനം ലഭിക്കാത്തവരെയാണ് ഈ വർഷം പരിഗണിക്കുക. ക്രിമിനല്‍പരമല്ലാത്ത വാണിജ്യ, സിവില്‍, തൊഴില്‍, നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്നവർക്കാണ് സഹായം ലഭിക്കുക. പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിച്ചാണ് ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത്.
2012ല്‍ തുടങ്ങിയ പദ്ധതിയിലൂടെ 5,890 ആളുകളെ ജീവിതത്തിന്‍റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നില്‍. ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു.
എന്നാല്‍, കഴിഞ്ഞ വർഷം എല്ലാ ഗവർണറേറ്റുകളിലുമുള്ള നിരവധി അഭിഭാഷകരുടെ പരിശ്രമത്താല്‍ 925 ആളുകളാണ് ജയിലില്‍നിന്ന് ഉറ്റവരുടെ ചാരത്തെത്തിയത്.
സമൂഹത്തിലെ അംഗങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള വിപുലമായ പങ്കാളിത്തമാണ് ഈ വർഷവും അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. 2012ല്‍ അഞ്ച് കോടതികള്‍ ലക്ഷ്യമിട്ടാണ് ഫാക് കുർബയുടെ ആദ്യ പതിപ്പിന് തുടക്കമായത്. 10 സന്നദ്ധ പ്രവർത്തകരായ അഭിഭാഷകർ കൈകോർത്തപ്പോള്‍ 44 തടവുകാരെ മോചിപ്പിക്കാൻ സാധിച്ചു.
STORY HIGHLIGHTS:58 prisoners of the Fak Kuruba project were released.