Event

മാര്‍ത്തോമ്മാ ചര്‍ച്ച്‌ ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

മസ്‌കറ്റ്:  മാര്‍ത്തോമ്മാ ചര്‍ച്ച്‌ ഇന്‍ ഒമാന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം നാളെ ( മാർച്ച്‌ എട്ട്) വെള്ളിയാഴ്ച നടക്കും.

റൂവി, സെന്റ് തോമസ് ചര്‍ച്ചില്‍ വൈകിട്ട് 06.30ന് മാര്‍ത്തോമ്മാ സഭാ സഫ്രഗന്‍ മെത്രാപ്പോലീത്താ അഭിവന്ദ്യ റൈറ് റവ. ഡോ. യുയാകീം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ നിര്‍വ്വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇടവക വികാരി റവ. സാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഒമാന്‍ മതകാര്യ മന്ത്രാലയം ഡയറക്‌ട്ര്‍ അഹമ്മദ് ഖാമിസ് അല്‍ ബെഹ്‌റി, ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരംഗ്, ചാണ്ടി ഉമ്മന്‍ എം എല്‍ എ, പ്രമുഖ വ്യവസായികളായ ഡോ. പി മുഹമ്മദ് അലി, കിരണ്‍ ആഷര്‍, പി സി ഒ ലീഡ് പാസ്റ്റര്‍ മിറ്റ്ചല്‍ ഫോര്‍ഡ്, ഒമാന്‍ കാന്‍സര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അല്‍ ഖറൂഷി തുടങ്ങി ആത്മീയ, സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. പി മുഹമ്മദ് അലി, കിരണ്‍ ആഷര്‍ എന്നിവരെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കും. തുടര്‍ന്ന് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷപരിപാടികളുടെ വിവരണം ജനറല്‍ കണ്‍വീനര്‍ ബിനു എം ഫിലിപ്പ് നിര്‍വഹിക്കും.

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ. സാജന്‍ വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ റവ. ബിനു തോമസ്,

ജനറല്‍ കണ്‍വീനര്‍ ബിനു എം ഫിലിപ്പ്, ജോയിന്റ് കണ്‍വീനര്‍ ഫിലിപ്പ് കുര്യന്‍, ഇടവക സെക്രട്ടറി ബിനു ഫിലിപ്പ്, പബ്ലിസിറ്റി ആന്റ് മീഡിയ കണ്‍വീനര്‍ സിബി യോഹന്നാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

STORY HIGHLIGHTS:Year-long Golden Jubilee celebrations of Marthomma Church in Oman Parish inaugurated tomorrow

Related Articles

Back to top button