ജബല്‍ അഖ്ദറില്‍ കാണാതായ ആള്‍ക്കുള്ള തിരച്ചില്‍ തുടരുന്നു
ഒമാൻ:കനത്ത മഴയെ തുടർന്ന് ജബല്‍ അഖ്ദറില്‍ കാണാതായയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു.
സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകള്‍ തുടർച്ചയായി പത്താം ദിവസമാണ് തിരച്ചില്‍ നടത്തുന്നത്.
വാട്ടർ റെസ്ക്യൂ ടീമിൻറെയും ഡ്രോണിന്റെയും പൊലീസ് നായുടെയും മറ്റും ആധുനിക സംവിധാനങ്ങളുടെയും സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നതെന്ന് ദാഖിലിയ ഗവർണറേറ്റിലെ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വാദിയില്‍ രണ്ടുപേരാണ് ഫെബ്രുവരി 12ന് അകപ്പെട്ടത്.
ഒരാളുടെ മൃതദേഹം തൊട്ടടുത്ത ദിവസം ലഭിച്ചിരുന്നു. അതേസമയം, ന്യൂനമർദത്തെ തുടർന്നുണ്ടായ മഴക്കെടുതിയില്‍ രാജ്യത്താകെ ആറുപേരുടെ ജീവനാണ് പൊലിഞ്ഞത്.
ദാഖിലിയ ഗവർണറേറ്റിലെ ഇസ്‌ക്കി വിലായത്തിലെ വാദിയിലകപ്പെട്ട് ഒരു സ്ത്രീ, ജബല്‍ അഖ്ദറില്‍ വാദിയില്‍ കുടുങ്ങി ഒരാള്‍, ദാഹിറ ഗവർണറേറ്റിലെ യാങ്കൂള്‍ വിലായത്തിലെ വാദി ഗയ്യയില്‍ അകപ്പെട്ട് മറ്റൊരാള്‍, റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ അകപ്പെട്ട് മൂന്നു കുട്ടികള്‍ എന്നിവരാണ് മരിച്ചത്. ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാജ്യത്ത് വീണ്ടും മഴ മുന്നറിയിപ്പ് നല്‍കി.
ന്യൂനമർദം രൂപപ്പെടുന്നതിൻറെ ഭാഗമായി ഞായർ(നാളെ )മുതല്‍ ബുധൻ വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മുസന്ദം, ഒമാൻ കടലിൻറെ തീരപ്രദേശങ്ങള്‍, അല്‍ ഹജർ പർവതനിരകള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. കാറ്റിൻറെയും ഇടിയുടെയും അകമ്ബടിയോടെയായിരിക്കും മഴ പെയ്യുക.
കടല്‍ പ്രക്ഷുബ്ധമാകും. പടിഞ്ഞാറൻ മുസന്ദം, ഒമാൻ കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളില്‍ തിരമാലകള്‍ 1.5 മുതല്‍ 2.5 മീറ്റർ വരെ ഉയർന്നേക്കും. തെക്കുകിഴക്കൻ കാറ്റിൻറെ ഭാഗമായി മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലം ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
STORY HIGHLIGHTS:Search continues for missing person in Jabal Akhdar