Lifestyle

ഒമാനും പ്രകൃതിയും: 19 കലാകാരന്മാരുടെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

ഒമാൻ:പ്രകൃതി ഭംഗിയാല്‍ സമ്ബന്നമായ സുല്‍ത്താനേറ്റിന്റെ സുന്ദരമായ ഫ്രെയിമുകളെ കാൻവാസില്‍ പകർത്തി കലാകാരൻമാർ.

ഒമാന്റെ മനോഹര പ്രകൃതി ദൃശ്യങ്ങള്‍ കോർത്തിണക്കി ‘നിറങ്ങളുടെ തരംഗം’ (വേവ്‌സ് ഓഫ് കളേഴ്‌സ്) എന്ന ചിത്ര പ്രദർശനത്തിന് ഒമാൻ അവന്യൂസ് മാളില്‍ തുടക്കം കുറിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗം അബ്ദുല്‍ ലത്തീഫ് ഉപ്പള ഉദ്ഘാടനം നിർവഹിച്ചു.

രമ ശിവകുമാർ ക്യൂറേറ്റർ ആയ ചിത്ര പ്രദർശനത്തില്‍ ഐഷ ദോഷാനി, റെജി ചാണ്ടി, മിന റാസ്സി, മെഹ്‌റാൻ, നീതു ചാബ്രിയ, പാറുല്‍ ബി റസ്ദാൻ, മുഹമ്മദ് റാഫി, അജയൻ പൊയ്യാറ, കൃഷ്ണ ശ്യാം, കവിത വടപ്പള്ളി, റേച്ചല്‍ ഈപ്പൻ, സിമ്രാൻ, സുദാൻവി റായ്, രാധാകൃഷ്ണൻ, രമ ശിവകുമാർ, അനുരാധ ഷാൻബാഗ്, നിസ്സി നെഹ്‌റൻ, മൈക്കല്‍ നെറോല, എം ഹാർട്ട്‌സ് എന്നീ കലാകാരന്മാരുടെ 50 ഓളം ചിത്രങ്ങളും ശില്‍പങ്ങളും ആണ് പ്രദർശനത്തില്‍ ഉള്ളത്.

ഒമാനിലെ പ്രകൃതിദത്തമായ അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, പർവതങ്ങള്‍ എന്നിവയ്ക്ക് പുറമെ സുല്‍ത്താനേറ്റിന്റെ തനത് പാരമ്ബര്യത്തെ ഉള്‍കൊള്ളുന്ന ചിത്രങ്ങള്‍ ആസ്വാദകനെ പുതിയ കാഴ്ച്ചകളിലേക്കു കൂട്ടികൊണ്ടുപോകുന്നതാണ്. ആസ്വാദനം എന്നതിലുപരി പ്രകൃതിയെ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. കല എന്നാല്‍ ലോകം മുഴുവനും ഉള്‍കൊള്ളുന്ന പര്യവേക്ഷണമാണെന്നും എന്നാല്‍ പ്രകൃതിക്കു പകരം വെക്കാൻ ഒന്നുമില്ലെന്നും അതിനാല്‍ പ്രകൃതി കലാകാരനെ മാത്രമല്ല ആസ്വാദകനെ കൂടി വേറൊരു സർഗാത്മകതയിലേക്കും ആസ്വാദനത്തിലേക്കും കൊണ്ടുപോകുന്നുവെന്നും ക്യൂറേറ്റർ രമ ശിവകുമാർ പറഞ്ഞു.

ഒമാനിലെ ഒരുകൂട്ടം കലാകാരമാരുടെ അനുഭവം, ഭാവന, കഴിവ് ഇവ ഒന്നുചേരുന്ന ചിത്രപ്രദർശനം ഒമാൻ എന്ന സുന്ദര ദേശത്തെ കൂടുതല്‍ അറിയുവാനും അനുഭവിക്കുവാനും ആസ്വാദകനെ പ്രേരിപ്പിക്കുന്നു എന്നിടത്താണ് “വേവ്‌സ് ഓഫ് കളേഴ്‌സ്’ വ്യത്യസ്തമാകുന്നതെന്ന് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത അബ്ദുല്‍ ലത്തീഫ് ഉപ്പള പറഞ്ഞു. ഫെബ്രുവരി എട്ടിന് തുടക്കം കുറിച്ച പ്രദർശനം ശനിയാഴ്ച സമാപിക്കും. രാവിലെ എട്ട് മണി മുതല്‍ രാത്രി 11 മണിവരെയാണ് പ്രദർശന സമയം.

STORY HIGHLIGHTS:Oman and Nature: 19 Artists’ Painting Exhibition Highlights

Related Articles

Back to top button