കാത്തിരിപ്പിനൊടുവില്‍ മസ്കറ്റിലും തണുപ്പെത്തി.
ഒമാൻ :കാത്തിരിപ്പിനൊടുവില്‍ മസ്കറ്റിലും തണുപ്പെത്തി. നാട്ടില്‍ എല്ലാവരും മസനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയിലാണെങ്കില്‍ ഒമാനിലെ സഞ്ചാരികള്‍ തീരപ്രദേശങ്ങളില്‍ നിന്നും പർവ്വത മേഖലകളിലേക്കുള്ള യാത്രക്കു ഒരുങ്ങുകയാണ്.
തണുപ്പ് കനക്കാൻ തുടങ്ങിയതോടെ ജബല്‍ ഷംസിലെ മഞ്ഞുപെയ്യുംകാലം കിനാവ് കണ്ടിരിക്കുകയാണ് ഒമാനിലെ സഞ്ചാരികള്‍.
ഒമാനിലെ ഏറ്റവും ഉയരംകൂടിയ മലനിരയായ ജബല്‍ ഷംസില്‍ കഴിഞ്ഞ വർഷങ്ങളില്‍ മൈനസ് ഡിഗ്രിയും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. ഇത്തവണ തണുപ്പ് കുറവായതിനാല്‍ ഈ മേഖലയിലേക്ക് കഴിഞ്ഞ വർഷത്തെപോലെ സഞ്ചാരികള്‍ ഒഴുകിയിരുന്നില്ല. മൂന്ന് ദിവസങ്ങളായി രാജ്യത്ത് ഏറ്റവും കുറവ് താപനിലയാണ് രേഖപ്പെടുത്തിയത്. പർവത മേഖലകള്‍ മാത്രമല്ല തീരദേശങ്ങളും തണുത്ത് വിറച്ചു.
പകല്‍സമയത്തുപോലും തണുത്ത കാറ്റുവീശിയത് സുഖകരമായ കാലാവസ്ഥ നല്‍കി. മുടിക്കെട്ടിയ അന്തരീക്ഷമാണ് സുല്‍ത്താനേറ്റിലെങ്ങും ചിലയിടയിങ്ങളില്‍ ചാറ്റല്‍ മഴയും ചെറിയ മഞ്ഞുവീഴ്ചയും ഉണ്ടായി. വൈകിയെത്തിയ നല്ല കാലാവസ്ഥ ആസ്വദിക്കാൻ കുടുംബങ്ങളും യുവാക്കളും പുറത്തിറങ്ങി. വാരാന്ത്യങ്ങള്‍ ടൂറിസ്റ്റു കേന്ദ്രങ്ങളിലും ബീച്ചുകളിലും തിരക്കേറി.
ജബല്‍ ഷംസിലാണ് കഴിഞ്ഞദിവസം ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. 0.9 ഡിഗ്രി. അതോടൊപ്പം ഒമാനില്‍ ന്യൂനമർദ്ദത്തിന്റെ ഭാഗമായി മഴ മുന്നറിയിപ്പും ഉണ്ട്. ഫെബ്രുവരി 11 മുതല്‍ 14 വരെ ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിലും അല്‍ വുസ്ത ഗവർണറേറ്റിന്റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ ലഭിക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകളും വിശദാംശങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.
STORY HIGHLIGHTS:After the wait, the cold has arrived in Muscat.