ഇന്ത്യൻ സ്കൂൾ മസ്കത്ത് മാനേജ്‌മെന്റ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യത്തിന് നിവേദനം നൽകിയതിനെ തുടർന്ന്, ബോർഡ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്‌ചയ്ക്ക് സമയം അനുവദിക്കുകയും നിവേദനത്തിൽ ആവശ്യപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തുകയുമുണ്ടായി.
ബോർഡിൻ്റെ പരിധിയിലുള്ള 21 സ്കൂളുകളിലും എത്രയും പെട്ടന്ന് ഓപ്പൺ ഫോറം വിളിക്കുമെന്ന് ചെയർമാനും ബോർഡ് അംഗങ്ങളും ഉറപ്പു നൽകി. സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാര്യമാക്കുമെന്നും രക്ഷിതാക്കളുടെയും അപേക്ഷകരുടെയും ആശങ്കകൾ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും ബോർഡ് അംഗങ്ങൾ ഉറപ്പു നൽകി. വരും വർഷങ്ങളിൽ ഒഴിവുകൾ വരുന്ന ഡൊമൈനുകൾ നോട്ടിഫിക്കേഷനിൽ പ്രതിപാദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡോ. സജി ഉതുപ്പാൻ നിവേദനത്തിനു മറുപടിയായി ചെയർമാൻ ഉറപ്പു നൽകി. നിയമനങ്ങളിൽ വന്ന കാലതാമസം സാങ്കേതികം മാത്രമായിരുന്നു എന്ന് ബോർഡ് അംഗങ്ങൾ സൂചിപ്പിച്ചു.
അക്കാദമിക വിഷയങ്ങളിലും, പരീക്ഷാ സംബന്ധിച്ച കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും ഗൗരവത്തിൽ ഉൾക്കൊള്ളുന്നു എന്ന് ഡോ. സജി ഉതുപ്പാന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിനു മറുപടി യായി ചെയർമാൻ പറഞ്ഞു. കുട്ടികളുമായുള്ള നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിന് വേണ്ട നടപടികൾ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അവർക്കായി പരിശീലന പരിപാടികളും ശിൽപശാലകളും ഇടവേളകളിൽ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്‌ചയിൽ പങ്കുവച്ചു.
മസ്‌കത്തിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്‌കൂൾ ആയി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനു രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ സഹകരണം ഉണ്ടാവേ ണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്‌ചയിൽ പരസ്പ്‌പരം പങ്കുവച്ചു. രക്ഷിതാക്കളായ സിജു തോമസ്, സൈമൺ ഫിലിപ്പോസ്, ജയാനന്ദൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Story highlight : ‘Indian School Management Committee should make elections transparent’