ഒമാനില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു
ഒമാനില്‍ സൈബർ കുറ്റകൃത്യങ്ങള്‍ വർധിക്കുന്നതായി പബ്ലിക്ക് പ്രോസിക്യൂഷൻ. 2022ല്‍ 126 കേസുകളായിരുന്നെങ്കില്‍ കഴിഞ്ഞ വർഷമിത് 140 ആയി ഉയർന്നിരിക്കുന്നു.
കഴിഞ്ഞ വർഷം പബ്ലിക്ക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്ത കേസുകളും മറ്റു നിരവധി വിഷയങ്ങളും അവലോകനം ചെയ്ത് നടത്തിയ വാർഷിക യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഓണ്‍ലൈൻ ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസുകള്‍ 2022ലെ 2519 ല്‍നിന്ന് കഴിഞ്ഞ വർഷം 2686 ആയും ഉയർന്നു. കാർഡ് ദുരുപയോഗം, വഞ്ചനാശ്രമം എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള ദുരുപയോഗമാണ് ഈ കേസുകളില്‍ വരുന്നത്. അതേസമയം, സ്വകാര്യതയുടെയും രഹസ്യാത്മകതയുടെയും ലംഘനങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ കുറഞ്ഞു. 2022ല്‍ ഇത് 162 ആയിരുന്നുവെങ്കില്‍ കഴിഞ്ഞവർഷം 134 ആയി. വ്യാജരേഖ ചമക്കലും വിവരതട്ടിപ്പും ഉള്‍പ്പെടുന്ന വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗത്തിലും കുറവുണ്ടായിട്ടുണ്ട്.
ഇലക്‌ട്രോണിക് ഇടപാടുകള്‍ ഉള്‍പ്പെടുന്ന കേസുകള്‍ 2022ല്‍ എട്ട് ആയിരുന്നത് 2023ല്‍ ആറായും കുറഞ്ഞു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളില്‍ മുന്നില്‍ വരുന്നത് ചെക്ക് ബൗണ്‍സുകളും തൊഴില്‍ നിയമലംഘനങ്ങളുമാണെന്ന് പ്രോസിക്യൂഷൻറെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ആകെ 8,461 ചെക്ക് ബൗണ്‍സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 7,571 കേസുകളുമായി തൊഴില്‍നിയമ ലംഘനങ്ങളാണ് തൊട്ടടുത്തുവരുന്നത്. വിദേശികളുടെ താമസ നിയമ ലംഘനങ്ങള്‍ 6,263, വഞ്ചന കേസുകള്‍ 3,202 എന്നിവയാണ് തൊട്ടുപിന്നില്‍. കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്തത് മസ്‌കത്ത് ഗവർണറേറ്റിലാണ്. 16,534 കേസുകളാണ് കഴിഞ്ഞ വർഷം ഇവിടെ റിപ്പോർട്ട് ചെയ്തത്.
വടക്കൻ ബാത്തിന-5,913, ദോഫാർ-3,922 എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു ഗവർണറേറ്റുകള്‍. കേസുകളില്‍ രജിസ്റ്റർ ചെയ്ത പ്രതികളുടെ എണ്ണം 18.8 ശതമാനം വർധിച്ച് 74,667 ആയി. ഇതില്‍ 45.9 ശതമാനം പ്രവാസികളാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളില്‍ 60 ശതമാനത്തിലധികം അപകടസാധ്യതയിലാത്തതാണ്. കൊലപാതക കേസുകളും കുറഞ്ഞു. കഴിഞ്ഞ വർഷം ആകെ ഏഴ് കൊലപാതക കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻ വർഷമിത് 13 ആയിരുന്നു. കഴിഞ്ഞ വർഷം പബ്ലിക്ക് പ്രോസിക്യൂഷന് 37,836 കേസുകളാണ് ലഭിച്ചത്. 2022നെ അപേക്ഷിച്ച് 17.2 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 2023ല്‍ 17,830 വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചു, 2022 നെ അപേക്ഷിച്ച് 15.4 ശതമാനം വർധനവ്. ഇതില്‍ 15,530 വിധികള്‍ നടപ്പിലാക്കി. ഇത് മൊത്തം വിധിന്യായങ്ങളുടെ 87.1 ശതമാനം വരും.
STORY HIGHLIGHTS:Cyber crime is on the rise in Oman