Education

ഇന്ത്യൻ സ്‌കൂള്‍ ഫിലിം ഫെസ്റ്റ്: ഇന്ത്യൻ സ്‌കൂള്‍ അല്‍ മബേല ഓവറോള്‍ ചാമ്ബ്യന്മാരായി

ഒമാൻ:സുല്‍ത്തനേറ്റിലെ ഇന്ത്യൻ സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ ഇന്ത്യൻ സ്കൂള്‍ ഫിലിം ഫെസ്റ്റിൻ്റെ (ഐഎസ്‌എഫ്‌എഫ്) അഞ്ചാമത് പതിപ്പിൻ്റെ ആദരിക്കല്‍ ചടങ്ങ് ഇന്ത്യൻ സ്കൂള്‍ അല്‍ സീബ് ഓഡിറ്റോറിയത്തില്‍ നടന്നു.

ഇന്ത്യൻ സ്കൂള്‍ അല്‍ മബേല ഫെസ്റ്റിവലില്‍ ഓവറോള്‍ ചാമ്ബ്യന്മാരായി. ചടങ്ങില്‍ സ്കൂള്‍ ടീം കോഓർഡിനേറ്റർ ചാമ്ബ്യൻഷിപ് ട്രോഫി ഏറ്റുവാങ്ങി.

മസ്കറ്റ് ഗവർണറേറ്റിലെ ലേബർ ഡയറക്ടർ ജനറല്‍ ശ്രീമതി മഹ്ഫൂദ മുബാറക് അല്‍ അറൈമി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമാതാവും നടനുമായ ശ്രീ. ലാല്‍ ജോസ് ചടങ്ങില്‍ സെലിബ്രിറ്റി അതിഥിയായിരുന്നു. ഇന്ത്യൻ സ്കൂള്‍സ് ഒമാൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കം അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വൈസ് ചെയർമാൻ ഷമീർ പി.ടി.കെ, ഡയറക്ടർ ഇൻ ചാർജ് നിധീഷ് കുമാർ, ഡയറക്ടർ ഓണ്‍ ബോർഡ് വിജയ് ശരവണൻ, സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ വിനോഭ എം.പി, സ്കൂള്‍ പ്രസിഡൻ്റ് കൃഷ്ണൻ രാമൻ, സ്കൂള്‍ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങള്‍, ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പല്‍മാർ, അധ്യാപകർ, വിദ്യാർഥികള്‍ എന്നിവർ പങ്കെടുത്തു.

‘സങ്കല്‍പ്പിക്കുക, ജ്വലിപ്പിക്കുക, സ്വാധീനിക്കുക’ എന്ന ടാഗ്ലൈനോടുകൂടിയ ഐഎസ്‌എഫ്‌എഫ്-ൻ്റെ ഈ അഞ്ചാം പതിപ്പില്‍ ഷോർട്ട് ഫിലിം, ആനിമേറ്റഡ് ഫിലിം, എച്ച്‌എസ്‌ഇ വീഡിയോ ക്രിയേഷൻ, ആഡ് മേക്കിംഗ്, റീലുകള്‍, യാത്രാവിവരണം, വിദ്യാഭ്യാസ മൂവി തുടങ്ങിയ നിരവധി വിഭാഗങ്ങളുണ്ടായിരുന്നു.


സ്കൂള്‍ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ കൃഷ്ണൻ രാമൻ സ്വാഗതം ആശംസിക്കുകയും ഫിലിം ഫെസ്റ്റിൻ്റെ വിദ്യാഭ്യാസ പ്രാധാന്യത്തെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തു. ഇന്ത്യൻ സ്കൂള്‍സ് ഒമാൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കം തൻ്റെ അധ്യക്ഷ പ്രസംഗത്തില്‍ ഫിലിം ഫെസ്റ്റിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ സ്കൂള്‍ ബോർഡ് സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിൻ്റെ ഉദ്ദേശ്യം നമ്മുടെ വിദ്യാർഥികള്‍ക്ക് ചലച്ചിത്ര നിർമാണത്തിൻ്റെ സൂക്ഷ്മതകളെയും സാങ്കേതികതകളെയും കുറിച്ച്‌ ഒരു അനുഭവം നല്‍കുകയും ഈ ഡൊമെയ്നില്‍ അവർക്കായി തുറന്നിരിക്കുന്ന നിരവധി വഴികളെക്കുറിച്ച്‌ അവരെ ബോധവാന്മാരാക്കുകയും ചെയ്യുക എന്നതാണെന്ന് ഡോ. മാണിക്കം കൂട്ടിച്ചേർത്തു.

പരിപാടിയില്‍ പരമാവധി പങ്കാളിത്തം നേടിയെടുക്കാൻ ഇന്ത്യൻ സ്കൂള്‍ അല്‍ സീബിൻ്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രിൻസിപ്പല്‍ ഡോ. ലീന ഫ്രാൻസിസും അവതരിപ്പിച്ചു. സ്കൂള്‍ കോർഡിനേറ്റർമാരെ വൈസ് ചെയർമാൻ ഷമീർ പി ടി കെ, ഡയറക്ടർ ഇൻ ചാർജ് ശ്രീ നിധീഷ് കുമാർ, ഡയറക്ടർ ഓണ്‍ ബോർഡ് ശ്രീ വിജയ് ശരവണൻ എന്നിവർ ആദരിച്ചു.
വിദ്യാർഥികള്‍ അവതരിപ്പിച്ച നൃത്താഞ്ജലി എന്ന ശാസ്ത്രീയ നൃത്തം അതിൻ്റെ ചാരുതകൊണ്ടും ആവിഷ്കൃതമായ നൃത്തരൂപം കൊണ്ടും സദസ്സിനെ ആകർഷിച്ചു.

മുഖ്യപ്രഭാഷണത്തില്‍ സിനിമ തന്നില്‍ വരുത്തിയ പരിവർത്തനങ്ങളെകുറിച്ച്‌ ലാല്‍ജോസ് വിശദീകരിച്ചു. മുഖ്യാതിഥി ശ്രീമതി മഹ്ഫൂദ മുബാറക് അല്‍ അറൈമി( ലേബർ ഡയറക്ടർ ജനറല്‍, മസ്കത്ത് ഗവർണറേറ്റ്) യും സെലിബ്രിറ്റി അതിഥിയും ചെയർമാനും ചേർന്ന് ചലച്ചിത്ര നിർമാണത്തിലെ വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നല്‍കി.

ജൂനിയർ (ഗ്രേഡ് VI മുതല്‍ VIII വരെ), സീനിയർ (ഗ്രേഡ് IX മുതല്‍ XII വരെ), ഓപ്പണ്‍ കാറ്റഗറി എന്നിങ്ങനെ ഏത് തലത്തിലുള്ള കുട്ടികളും ഉള്‍പ്പെടുന്ന മൂന്ന് വിഭാഗങ്ങളിലായാണ് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്കൂളുകളിലെ ഫെസിലിറ്റേറ്റർമാർ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികള്‍ എന്നിവരും ഈ മെഗാ പരിപാടിയില്‍ പങ്കെടുത്തു. ചലച്ചിത്രനിർമാണത്തിൻ്റെ സൂക്ഷ്മതലങ്ങളില്‍ പങ്കെടുക്കുന്നവർക്ക് മാർഗനിർദേശവും പരിശീലനവും നല്‍കുന്നതിനായി കഴിഞ്ഞ മാസം ആദ്യം ശില്‍പശാലകള്‍ നടന്നിരുന്നു. വളർന്നുവരുന്ന സിനിമാ നിർമാതാക്കളും അവരുടെ ടീമുകളും കൊണ്ടുവന്ന മനോഹരമായ സൗന്ദര്യാത്മക നിമിഷങ്ങളുടെ മഹത്തായ ഓർമ്മകളോടെ ISFF-ൻ്റെ അഞ്ചാം പതിപ്പിൻ്റെ ആഘോഷങ്ങള്‍ സമാപിച്ചു.

STORY HIGHLIGHTS:Indian School Film Fest: Indian School Al Mabela became overall champions

Related Articles

Back to top button