വെസ്റ്റ് ഏഷ്യൻ പാരാ ഗെയിംസില്‍ മിന്നും പ്രകടനവുമായി ഒമാൻ
ഒമാൻ:ഷാർജയില്‍ നടക്കുന്ന വെസ്റ്റ് ഏഷ്യൻ പാരാ ഗെയിംസില്‍ മിന്നുന്ന പ്രകടനവുമായി ഒമാൻ താരങ്ങള്‍. കഴിഞ്ഞ ദിവസം പുതിയ 12 മെഡലുകളാണ് താരങ്ങള്‍ നേടിയത്.
മൂന്നു സ്വർണവും ആറു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ ഗെയിംസിലെ ഒമാന്‍റെ മെഡലുകളുടെ എണ്ണം 24 ആയി.
ഷോട്ട്പുട്ടില്‍ 9.60 മീറ്റർ എറിഞ്ഞ് മുഹമ്മദ് അല്‍ മഷൈഖിയും ഡിസ്‌കസ് ത്രോ എഫ് 56 ല്‍ 28.57 മീറ്റർ ദൂരം താണ്ടി താലിബ് അല്‍ ബലൂഷിയും ലോങ്ജമ്ബില്‍ 4.88 മീറ്റർ ചാടി താഹ അല്‍ ഹരാസിയുമാണ് ഒമാനുവേണ്ടി ആറാം ദിനത്തില്‍ സ്വർണം നേടിയത്.
കൂടാതെ, ഷോട്ട്പുട്ടില്‍ മുഹമ്മദ് അല്‍ ഖാസിമി, ജാവലിൻ ത്രോയില്‍ എഫ് 54 ല്‍ ഫൗസി ബിൻ സലേം അല്‍ ഹബിഷി, 200 മീറ്റർ ഡാഷില്‍ സെയ്ഫ് അല്‍ മുഖിബ്ലി, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ എന്നിവയില്‍ റയ്യാഹ് അല്‍ അബ്രിയ, ജാവലിൻ ത്രോയില്‍ ഇമാൻ അല്‍ ഷംസിയ വെള്ളിമെഡലും കരസ്ഥമാക്കി. ജാവലിൻ ത്രോയിലും ഡിസ്‌കസ് ത്രോയിലും ശൈഖ അല്‍ ഹമാദിയയും ലോങ്ജമ്ബില്‍ ഖുസെ അല്‍ റവാഹി വെങ്കല മെഡലുകളും നേടി.
ടീമിന്‍റെ പ്രകടനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് പശ്ചിമേഷ്യൻ പാരാ ഗെയിംസിലെ ഒമാനി പ്രതിനിധി സംഘത്തിന്‍റെ തലവൻ മൻസൂർ ബിൻ സുല്‍ത്താൻ അല്‍ തൗഖി പറഞ്ഞു.
സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, ഒ.ക്യൂ കമ്ബനി എന്നിവയുള്‍പ്പെടെ വിവിധ പങ്കാളികളില്‍ നിന്നുള്ള പിന്തുണക്ക് നന്ദി പറയുകയും അത്ലറ്റുകളുടെ അർപ്പണബോധത്തെയും സഹിഷ്ണുതയെയും അഭിനന്ദിക്കുയും ചെയ്തു.
STORY HIGHLIGHTS:Oman with brilliant performance in West Asian Para Games