Sports

ഇന്ത്യ-നെതര്‍ലാൻഡ്സ് ഫൈനല്‍ ഇന്ന്

ഒമാൻ :മസ്കത്തില്‍ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ഒമാൻ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ സെമിയില്‍ ദക്ഷിണാഫ്രിക്കയെ 6-3ന് തകർത്താണ് ഫൈനലിലെത്തിയത്.

ശനിയാഴ്ച രാത്രി എട്ട് മണിക്ക് നടക്കുന്ന ഫൈനലില്‍ നെതർലൻഡ്‌സാണ് ഇന്ത്യയുടെ എതിരാളി. പോളിഷ് പടയെ 3-1ന് തകർത്താണ് നെതർലാൻഡ് ഫൈനലിന് യോഗ്യത നേടിയത്.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഇന്ത്യക്കുവേണ്ടി അക്ഷത, മരിയാന, മുംതാസ്, റുത്ജ, ജ്യോതി, അജ്മിന എന്നിവരാണ് ഗോള്‍ നേടിയത്. ഇന്ത്യൻ താരങ്ങള്‍ക്ക് ആവേശം പകർന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്, ഇന്ത്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ സോഷ്യല്‍ ക്ലബ്ബ് ചെയർമാൻ ബാബു രാജേന്ദ്രൻ ഉള്‍പ്പടെയുള്ള ഭാരവാഹികള്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു. വാരാന്ത്യദിനമായതുകൊണ്ടുതന്നെ മലയാളികളടക്കമുള്ള നിരവധി പ്രവാസി ഇന്ത്യക്കാരും കളികാണാൻ എത്തിയിരുന്നു.

ടൂർണമെന്‍റില്‍ ഒരുകളിപോലും തോല്‍ക്കാതെയാണ് ഇന്ത്യൻ വനിതകള്‍ ഫൈനലിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ്തല മത്സരത്തില്‍ പോളണ്ടിനെ 5-4നും അമേരിക്കയെ 7-3നും നമീബിയെ 7-2നും തോല്‍പ്പിച്ചായിരുന്നു ക്വാർട്ടർ പ്രവേശനം. ക്വാർട്ടർ ഫൈനിലില്‍ ന്യൂസിലാൻഡിനെ 11-1നുമാണ് പരാജയപ്പെടുത്തിയത്.

ഇന്ന് നടക്കുന്ന ഫൈനലിലും ഇന്ത്യൻ ടീമിന് വിജയിക്കാനാകുമെന്നാണ് ആരാധകർ കണക്ക് കൂട്ടുന്നത്. ഗ്രൂപ്പ്തല മത്സരങ്ങളില്‍ നാല് പൂളുകളായി 16 ടീമുകളാണ് മാറ്റുരച്ചത്. വനിതകളുടെ മത്സരങ്ങള്‍ക്ക് ശേഷം ജനുവരി 28 മുതല്‍ 31 വരെയാണ് പുരുഷവിഭാഗത്തിന്‍റെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുക.

പുരുഷന്മാരുടെ വിഭാഗത്തില്‍ ഇന്ത്യ പൂള്‍ ബിയില്‍ ഈജിപ്ത്, സ്വിറ്റ്‌സർലൻഡ്, ജമൈക്ക എന്നിവരോടപ്പമാണ്. ഒമാൻ പൂള്‍ ഡിയിലാണ്. മലേഷ്യ, ഫിജി, യു.എസ്.എ ടീമുകളാണ് കൂടെയുള്ളത്. പൂള്‍ എയില്‍ നെതർലാൻഡ്, പാകിസ്താൻ, പോളണ്ട്, നൈജീരിയയും, സിയില്‍ ആസ്ത്രേലിയ, ന്യൂസിലാൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, കെനിയ ടീമുകളുമാണ് വരുന്നത്. ജനുവരി 28ന് സ്വിറ്റ്സർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അന്നേദിവസം ഈജിപ്തുമായും ഏറ്റുമുട്ടും. ആതിഥേയരായ ഒമാൻ മലേഷ്യ, ഈജിപ്ത് ടീമുകളുമായും അങ്കം കുറിക്കും.

STORY HIGHLIGHTS:India-Netherlands final today

Related Articles

Back to top button