FootballSports

പൊരുതി വീണ് ഒമാൻ

ദോഹ:കളിയുടെ ആദ്യ മിനിറ്റില്‍ വഴങ്ങിയ പെനാല്‍റ്റി ഗോളില്‍ പിന്നിലായിട്ടും പ്രതീക്ഷ കൈവിടാതെ പൊരുതിയ സൗദി അറേബ്യക്ക് ഏഷ്യൻ കപ്പ് ഫുട്ബാളില്‍ ത്രില്ലര്‍ ജയത്തോടെ തുടക്കം.

ഗള്‍ഫ് ടീമുകളുടെ പോരാട്ടമായി മാറിയ ഗ്രൂപ്പ് ‘എഫി’ലെ മത്സരത്തില്‍ അയല്‍ക്കാരായ ഒമാനെ 2-1ന് തോല്‍പ്പിച്ചാണ് കിരീടപ്രതീക്ഷയുമായെത്തിയ ഗ്രീൻ ഫാല്‍കണുകള്‍ വിലപ്പെട്ട മൂന്ന് പോയിന്‍റ് സ്വന്തമാക്കിയത്. 14ാം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെ ലീഡ് നേടിയ ഒമാനെതിരെ, കളിയുടെ 78ാം മിനിറ്റില്‍ അബ്ദുല്‍റഹ്മാൻ ഗരീബും, ഇഞ്ചുറിടൈമിലെ അവസാന മിനിറ്റില്‍ അലി അബ്ദുല്ലയ്ഹിയും ആണ് ഗോള്‍ നേടി വിജയ ശില്‍പികളായത്.

ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കളത്തിലും ഗാലറിയിലും പുറത്തുമെല്ലാം ആവേശത്തിരമാല തീര്‍ക്കുന്നതായിരുന്നു. ഗാലറി നിറഞ്ഞുകവിഞ്ഞ 41,000ത്തിലേറെ വരുന്ന ആരാധകരുടെ നിലക്കാത്ത ആരവങ്ങള്‍ക്കു നടുവിലായിരുന്നു പോരാട്ടത്തിന് കിക്കോഫ് കുറിച്ചത്. ഗാലറിയുടെ മുക്കാല്‍ഭാഗവും നിറഞ്ഞ പച്ചക്കുപ്പായക്കാരെ നിശബ്ദമാക്കി 14ാം മിനിറ്റില്‍ ഒമാൻ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെ ഏഷ്യൻ കപ്പില്‍ ആദ്യ അട്ടിമറി ഭയന്നു. ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച്‌ ലോകഫുട്ബാളില്‍ മേല്‍വിലാസം ഉറപ്പിച്ച സൗദിയുടെ ആക്രമണങ്ങളെയെല്ലാം ഒമാൻ വരച്ച വരയില്‍ അവസാനിപ്പിക്കുന്നതാണ് ഗ്രൗണ്ടില്‍ കണ്ടത്. സാലിം ദൗസരിയും സാലിഹ് അല്‍ ഷെഹ്‍രിയും നാസര്‍ അല്‍ ദൗസരിയുമെല്ലാം നടത്തിയ ആക്രമണങ്ങളെ ക്ലിനിക്കല്‍ ഡിഫൻസിലൂടെ ഒമാൻ മുറിച്ചിട്ടു. നിരന്തര മുന്നേറ്റങ്ങളെല്ലാം വിഫലമായപ്പോള്‍, കുമ്മായവരക്കു പുറത്ത്കോച്ച്‌ റോബര്‍ടോ മാൻസീനിയും അക്ഷമനായിമാറുന്നുണ്ടായിരുന്നു.

ഒമാന്റെ ഒരു ഗോള്‍ ലീഡോടെയാണ് ആദ്യ പകുതി പിരിഞ്ഞത്. രണ്ടാം പകുതിയില്‍ നിര്‍ണായകമായ ചില മാറ്റങ്ങളിലൂടെ സൗദി കളത്തെ സജീവമാക്കിയതിനു പിന്നാലെ 78ാം മിനിറ്റിലാണ് സമനില ഗോള്‍ പിറന്നത്. മധ്യവര കടന്ന പന്തുമായി ഒമാന്റെ പ്രതിരോധ കോട്ട സോളോ നീക്കത്തിലൂടെ പൊളിച്ച അബ്ദുല്‍റഹ്മാൻ ഗരീബിന്റെ മികവിന് അവകാശപ്പെട്ടതായിരുന്നു ആ ഗോള്‍. അല്‍ ഷെഹ്‍രിക്ക് പകരക്കാരനായി കളത്തിലിറങ്ങി മൂന്നു മിനിറ്റിനുള്ളില്‍ വിജയ ഗോള്‍ നേടിക്കൊണ്ട് അബ്ദുല്‍റഹ്മാൻ ഗരീബ് സൗദിയുടെ താരമായി മാറി.

ഒന്നേകാല്‍ മണിക്കൂറിലേറെയും ടീം ഒരു ഗോളിന് പിന്നില്‍നിന്നിട്ടും, ഒരു നിമിഷം പോലും തളരാതെ ആരവമുയര്‍ത്തി കളിക്കാരെ പിന്തുണച്ച ആരാധകര്‍ക്കായിരുന്നു ഈ ഗോളിന്റെ സമര്‍പ്പണം.

പിന്നാലെ വിജയ ഗോളിനായി പോരാടിയ സൗദി ആ ലക്ഷ്യം നേടുന്നത് ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകളിലെ നാടകീയതകള്‍ക്കൊടുവിലായിരുന്നു. 96ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിലൂടെയെത്തിയ അവസരം അലി അല്‍ ഔജാമിയുടെ ഹെഡ്ഡര്‍, പോസ്റ്റിനു മുന്നില്‍ നിന്ന് അലി അബ്ദുലയ്ഹി രണ്ടാം ടച്ചിലൂടെ വലയിലാക്കി. എന്നാല്‍, ഓഫ് സൈഡ് വിളിച്ച റഫറി ഗോള്‍ നിഷേധിച്ചതോടെ മിനിറ്റുകള്‍ നീണ്ട അനിശ്ചിതത്വമായി. ഒടുവില്‍, ഗോളില്ലെന്ന നിലയില്‍ െപ്ല ഓണ്‍ ആയതിനു പിന്നാലെയാണ് വി.എ.ആറിലൂടെ ആ തീരുമാനമെത്തുന്നത്. ഓഫ് സൈഡ് തിരുത്തി, സൗദിക്ക് വിജയ ഗോള്‍.

അലി അബ്ദുല്ലയ്ഹിയുടെ അക്കൗണ്ടില്‍ ചേര്‍ത്ത ഗോളിനു പിന്നാലെ, അതിര്‍ത്തി കടന്നെത്തിയ സൗദി ആരാധകര്‍ക്ക് രാത്രി മുഴുവൻ ആഘോഷമാക്കാൻ ഖലീഫ സ്റ്റേഡിയത്തില്‍ തകര്‍പ്പൻ ജയം.

STORY HIGHLIGHTS:Oman lost the fight

Related Articles

Back to top button