ആദ്യ വയര്‍ലെസ് ട്രാൻസ്പാരന്റ് ടിവി അവതരിപ്പിച്ച് എല്‍ജി
ലോകത്തിലെ ആദ്യത്തെ വയര്‍ലെസും സുതാര്യവുമായ ഒഎല്‍ഇഡി ടിവി അവതരിപ്പിച്ച് എല്‍ജി ഇലക്‌ട്രോണിക്സ്. എല്‍ജി സിഗ്നേചര്‍ ഒഎല്‍ഇഡി ടി എന്ന് പേരിട്ടിരിക്കുന്ന ടിവി ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് ഷോയിലാണ് (സിഇഎസ് 2024) അവതരിപ്പിച്ചത്.
നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച 4കെ ട്രാൻസ്പാരന്റ് സ്ക്രീൻ ആണ് എല്‍ജി സിഗ്നേചര്‍ ഒഎല്‍ഇഡി ടിയ്ക്ക്. വയര്‍ലെസ് ഓഡിയോ വീഡിയോ ട്രാൻസ്മിഷൻ സൗകര്യവും ഇതിനുണ്ട്. ഇത് ടെലിവിഷൻ അനുഭവത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കമ്ബനി അവകാശപ്പെടുന്നു.
മികച്ച ഇനൊവേഷനുള്ള ബഹുമതി ഉള്‍പ്പടെ അഞ്ച് ബഹുമതികളാണ് സിഇഎസ് 2024 ല്‍ എല്‍ജി ഒഎല്‍ഇഡി ടിയ്ക്ക് ലഭിച്ചത്.
പരമ്ബരാഗത ടിവികളുടെ കറുത്ത സ്ക്രീൻ വീടിനകത്തെ അലങ്കാരങ്ങള്‍ക്ക് അഭംഗിയാവുന്നത് ഒഴിവാക്കാൻ സുതാര്യമായ ടെലിവിഷൻ സ്ക്രീനിലൂടെ സാധിക്കും. 77 ഇഞ്ച് വലിപ്പമുള്ള ഒഎല്‍ഇഡി ടി പശ്ചാത്തലവുമായി ഇഴുകിച്ചേരും. ഓഫ് ചെയ്തുവെച്ച ഒരു ടിവി അവിടെയുണ്ടെന്ന് ആര്‍ക്കും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനാവില്ല.
മാത്രവുമല്ല വിശാലമായ ജനാലയുടെ മുമ്ബില്‍ പുറത്തുള്ള കാഴ്ചകള്‍ക്ക് തടസമാവാതെ ടിവി സ്ഥാപിക്കാനാവും. കേബിള്‍ ഇല്ലാത്തതിനാല്‍ ടിവിയ്ക്ക് ചുറ്റും കേബിളുകല്‍ അലങ്കോലമാവുന്നതിന്റെ അഭംഗിയും ഒഴിവാക്കാനാവും. സുതാര്യമായതിനാല്‍ തന്നെ വീടിന്റെ അകത്തളത്തിന്റെ രൂപകല്‍പനയ്ക്ക് അനുയോജ്യമായി ഏത് രീതിയിലും എല്‍ജി ഒഎല്‍ഇഡി ടി സ്ഥാപിക്കാനാവുമെന്ന് കമ്ബനി പറയുന്നു.
എല്‍ഡി ട്രാൻസ്പാരന്റ് ഒഎല്‍ഇഡി ടിവിയ്ക്ക് സുതാര്യമായതും അതാര്യവുമായ രണ്ട് മോഡുകളുണ്ടാവും. ഇഷ്ടാനുസരണം ഇവ പ്രയോജനപ്പെടുത്താം. ഇതിലെ ഓള്‍വേയ്സ് ഓണ്‍ ഡിസ്പ്ലേ ഫീച്ചര്‍ ഉപയോഗിച്ച് ഒഎല്‍ഇഡി ടിവിയെ ഒരു സുതാര്യമായ ഡിജിറ്റല്‍ ആര്‍ട്ട് കാൻവാസ് ആക്കി മാറ്റാൻ സാധിക്കും. വീഡിയോകളും ചിത്രങ്ങളും, വിഷ്വല്‍ ഇഫക്ടുകളുമെല്ലാം ഇതില്‍ പ്രദര്‍ശിപ്പിക്കാം.
എല്‍ജിയുടെ പുതിയ ആല്‍ഫ 11 എഐ പ്രൊസസര്‍ ടിവിയുടെ മികച്ച ദൃശ്യ ഗുണമേന്മയ്ക്ക് പിന്തുണ നല്‍കും. ഒപ്പം എഐ ഫീച്ചറുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.
STORY HIGHLIGHTS:LG introduced the first wireless transparent TV