Food

മീൻകറി; നാല് വിസിലില്‍ അടിപൊളി കറി തയാറാക്കാം

മൂന്നോ നാലോ വിസിലില്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കുമെന്നതിനാല്‍ കുക്കറില്ലാത്ത പാചകം പലര്‍ക്കും ചിന്തിക്കാൻ പോലുമാവില്ല.

എന്നിരുന്നാലും കുക്കറില്‍ പാകം ചെയ്യാത്ത പല വിഭവങ്ങളുമുണ്ടാവും നമ്മുടെ വീടുകളില്‍. അത്തരത്തിലൊന്നാണ് മീൻകറി. ചട്ടിയിലോ പ്രത്യേക പാത്രങ്ങളിലോ ആണ് മീൻകറി തയ്യാറാക്കുന്നത്. എന്നാല്‍ കുക്കറില്‍ മീൻകറിയും ഉണ്ടാക്കാൻ സാധിച്ചാലോ? നല്ല രുചിയേറിയ മീൻകറി കുക്കറില്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആദ്യം ഗ്യാസ് കത്തിച്ച്‌ കുക്കര്‍ ചൂടാകാൻ വയ്ക്കണം. ചൂടായി വരുമ്ബോള്‍ ഒന്നര ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിക്കണം. ഇതിലേയ്ക്ക് കാല്‍ ടീസ്പൂണ്‍ ഉലുവ ഇട്ട് പൊട്ടിവരുമ്ബോള്‍ രണ്ട് മീഡിയം വലിപ്പത്തിലെ സവാള ചെറുതായി അരിഞ്ഞത് ചേര്‍ക്കണം. ഇത് വഴറ്റിയെടുക്കേണ്ടതില്ല.ഇതിലേയ്ക്ക് അല്‍പ്പം കറിവേപ്പില, കുറച്ച്‌ ഇഞ്ചി- വെളുത്തുള്ളി ചതച്ചത്, ഒരു തക്കാളി ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ചെറിയ നാരങ്ങാ വലിപ്പത്തില്‍ പുളിയുടെ പുളിവെള്ളം എന്നിവ ചേര്‍ത്തിളക്കണം. ഇനി ഇത് അടച്ചുവച്ച്‌ നാല് വിസില്‍ കേള്‍ക്കുന്നതുവരെ വെയിറ്റ് ചെയ്യാം.

ആവി പോയിക്കഴിഞ്ഞ് കുക്കര്‍ തുറന്നതിനുശേഷം ഇതിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, മൂന്ന് ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി, അരക്കപ്പ് വെള്ളം, കഴുകി വൃത്തിയാക്കിയ മത്തി അല്ലെങ്കില്‍ അയല മീൻ കഷ്ണങ്ങളാക്കിയത് എന്നിവ ചേര്‍ത്ത് മസാലയുമായി നന്നായി യോജിപ്പിക്കണം. ഇനി കുക്കര്‍ അടച്ചുവച്ച്‌ ലോ ഫ്‌ളെയിമില്‍ ഒരു വിസില്‍ വരുന്നതുവരെ വയ്ക്കണം. ആവി പോയിക്കഴിഞ്ഞ് തുറന്ന് എല്ലാം നന്നായി ഇളക്കിയതിനുശേഷം ചെറുചൂടോടെ ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും പൊറോട്ടയോടുമൊപ്പം കഴിക്കാം.

STORY HIGHLIGHTS:fish curry; A cool curry can be prepared in four whistles

Back to top button