ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഭരണ സാരഥ്യം ഏറ്റെടുത്തിട്ട് നാല് വർഷങ്ങൾ.
മസ്കറ്റ് ||
കോവിഡ് മഹാമാരിയും ഷഹീൻ ചുഴലിക്കാറ്റും ഉൾപ്പെടെ രാജ്യം നേരിട്ട നിരവധി വെല്ലുവിളികളെ അനായാസമായി അതിജീവിച്ചു കൊണ്ടാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് നാലുവര്ഷക്കാലമത്രയും രാജ്യത്തെ മുന്നോട്ടു നയിച്ചത്.
ഈ വെല്ലുവിളികളെ എല്ലാം നേരിടുമ്പോഴും ഒമാനി പൗരന്മാരെയും മലയാളികൾ ഉൾപ്പെടെയുള്ള രാജ്യത്തെ വിദേശി താമസക്കാരെയും സുൽത്താൻ ഒരുപോലെ ചേർത്തുനിർത്തി. സുൽത്താന്റെ സ്ഥാനാരോഹണ ദിന വാർഷികത്തോടനുബന്ധിച്ചുള്ള മന്ത്രിസഭാ യോഗത്തിൽ നിരവധി ജനപ്രിയ തീരുമാനങ്ങളാണ് പ്രഖ്യാപിച്ചത്.
അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ആയിരുന്നു ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗം.
സാമ്പത്തിക, സാമൂഹിക മേഖലകളിലെ രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തിയ സുൽത്താൻ അതിനായി പ്രവർത്തിച്ച എല്ലാ സർക്കാർ യൂണിറ്റുകളെയും പ്രശംസിക്കുകയും തുടർന്നും കൂടുതൽ ഊർജ്ജത്തോടെ പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകതും ചെയ്തു. റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ വിഭാഗങ്ങൾക്കുള്ള കുടിവെള്ള വിതരണ സേവന ഫീസ് കുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ സമർപ്പിച്ച നിർദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
മസ്‌കത്തിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള വകാൻ ഗ്രാമത്തിന്റെയും വടക്കൻ ബാത്തിന ഗവർണറേറ്റിലെ ജബൽ അൽ അബ്‌യദ് പ്രദേശത്തിന്റെയും വികസനത്തിന് സമയപരിധി നിശ്ചയിക്കാൻ സുൽത്താൻ നിർദ്ദേശങ്ങൾ നൽകി.യാത്രകൾ, ക്യാമ്പിംഗ്, സാഹസിക വിനോദസഞ്ചാരം എന്നിവക്കുള്ള രണ്ട് പ്രധാന സ്ഥലങ്ങളായി ഇവയെ വികസിപ്പിക്കുകയാണ് ലക്‌ഷ്യം. ഫീസ് റദ്ദാക്കൽ, കുറക്കൽ, ലഘൂകരിക്കൽ, ലയിപ്പിക്കൽ എന്നിവ ഉൾപ്പെടെ സർക്കാർ സേവനങ്ങളുടെ വിലനിർണയ ഗൈഡിന്റെ കരട് മൂന്നാം ഘട്ടത്തിന്റെ ഫലങ്ങൾ മന്ത്രിസഭാ കൗൺസിൽ അംഗീകരിച്ചു.
പ്രാദേശിക ഉള്ളടക്കത്തിനായുള്ള ദേശീയ നയത്തിന് മന്ത്രിസഭാ കൗൺസിൽ അംഗീകാരം നൽകിയതാണ് മന്ത്രിസഭാ യോഗത്തിലെ മറ്റൊരു പ്രധാന ചുവടുവെപ്പ്. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ കാര്യങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ ഊന്നിപ്പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ ഉപപ്രധാന മന്ത്രിമാർ, മന്ത്രിമാർ സന്നിഹിതരായിരുന്നു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടു ഒമാൻ ജയിലിൽ കഴിയുന്ന ഇരുന്നൂറ്റി ഏഴു തടവുകാർക്ക് മോചനം നൽകാൻ സുൽത്താൻ ഉത്തരവ് നൽകി.
ഒമാന്റെ പുതിയ നവോത്ഥാനം’ എന്ന പേരിൽ ജനുവരി 11 മുതൽ ഫെബ്രുവരി 11 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആഹ്വാനം ചെയ്തു. ഇതിന് പ്രകാരം ചുരുങ്ങിയത് 20 ശതമാനമെങ്കിലും വിവിധ ഉത്പന്നങ്ങൾക്ക് ഇളവുകൾ ലഭിക്കുമെന്നും ചേംബർ ഓഫ് കൊമേഴ്‌സ് ചെയർ മാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു ക്യാമ്പയിൻ രാജ്യത്ത് നടത്തുന്നത്. സുൽത്താന്റെ സ്ഥാനാരോഹണ ദിനമായ ഇന്ന് രാജ്യത്തെ പൊതു സ്വകാര്യമേഖലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
STORY HIGHLIGHTS:It has been four years since Sultan Haitham bin Tariq, the ruler of Oman, took over the reins of power.