ടാക്സി സേവന മേഖലയിൽ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ ടാക്സി സേവന മേഖലയിൽ ഏതാനം പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 ഒക്ടോബർ 14-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ ടാക്സി സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്കും, ടാക്സി ഉടമസ്ഥർക്കും ബാധകമാക്കുന്ന ഏതാനം പുതിയ വ്യവസ്ഥകളാണ് മന്ത്രാലയം നടപ്പിലാക്കാനൊരുങ്ങുന്നത്. ’10/ 2016′ എന്ന ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഈ നടപടി.
ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ ടാക്സി സേവന മേഖലയിൽ താഴെ പറയുന്ന വ്യവസ്ഥകൾ ബാധകമാകുന്നതാണ്:
ടാക്സി ഡ്രൈവർമാർക്ക് മൂന്ന് വർഷത്തെ സാധുതയുള്ള ലൈറ്റ് ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.
സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ടാക്സി ഡ്രൈവർമാരുടെ ഉയർന്ന വേതനം മാസം തോറും 600 റിയാലാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവർമാരുടെ പ്രായം 21-നും, 60-നും ഇടയിലായിരിക്കണം. അറുപത് കഴിഞ്ഞവർക്ക് അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടാക്സി ഡ്രൈവറായി തുടരുന്നതിന് അനുമതി ലഭിക്കാനുള്ള സാധ്യതയുണ്ട്.
എയർപോർട്ട്, തുറമുഖങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ മേഖലകളിൽ സേവനം നൽകുന്ന ടാക്സി വാഹനങ്ങൾ, അവ നിർമ്മിച്ച വർഷത്തിൽ നിന്ന് ഏഴ് വർഷത്തിലധികം പഴക്കമുള്ളവയായിരിക്കരുത് എന്ന വ്യവസ്ഥ ബാധകമാകുന്നതാണ്.
പൊതുഇടങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ തുടങ്ങിയ മേഖലകളിൽ സേവനം നൽകുന്ന ടാക്സി വാഹനങ്ങൾ, അവ നിർമ്മിച്ച വർഷത്തിൽ നിന്ന് പത്ത് വർഷത്തിലധികം പഴക്കമുള്ളവയായിരിക്കരുത് എന്ന വ്യവസ്ഥ ബാധകമാകുന്നതാണ്.
ടാക്സി സേവനമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് 2024 സെപ്റ്റംബർ 1 വരെ സമയമനുവദിച്ചിട്ടുണ്ടെന്നും, അതിനകം ഇവ നടപ്പിലാക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
STORY HIGHLIGHTS:New rules announced in the taxi service sector