Business

ഇന്ത്യയും ഒമാനും തമ്മില്‍ വ്യാപാര രംഗത്ത് വലിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്.

ഒമാൻ:ഇന്ത്യയും ഒമാനും തമ്മില്‍ വ്യാപാര രംഗത്ത് വലിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ വൈകാതെ ഒപ്പുവയ്ക്കും.

ഇതുസംബന്ധിച്ച്‌ രണ്ട് തവണ വിശദമായ ചര്‍ച്ചകള്‍ കഴിഞ്ഞു. ഡല്‍ഹിയിലും മസ്‌കത്തിലുമായിട്ടായിരുന്നു ചര്‍ച്ചകള്‍. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ വ്യാപാര രംഗത്ത് വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.

ഒമാനില്‍ നിന്ന് ഇന്ത്യ വലിയ തോതില്‍ ഇറക്കുന്നത് പെട്രോളിയം ഉല്‍പ്പനങ്ങളാണ്. ഇരുമ്ബ്, സ്റ്റീല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇറക്കുന്നുണ്ട്. ഇന്ത്യ ഒമാന്‍ ബന്ധത്തിന്റെ അനുപാതം നോക്കിയാല്‍ ഒമാന്‍ ആണ് മുന്നിലുള്ളത്. എന്നാല്‍ പുതിയ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ പലവിധ നേട്ടങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഒമാനില്‍ നിന്ന് ഇറക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് എന്നിവയ്ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ മാസം അവസാന വാരത്തോടെ ഇന്ത്യ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം. നികുതി ഇളവ് ചില വസ്തുക്കള്‍ക്ക് വേണമെന്ന് ഒമാന്‍ ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരമാണ് പുതിയ ആലോചനകള്‍.

യുഎഇയുമായി നേരത്തെ ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യയ്ക്ക് വലിയ നേട്ടമായിരുന്നു ഈ കരാര്‍. ഇതുപ്രകാരം യുഎഇയില്‍ നിന്ന് നികുതി ഇളവില്‍ ഇന്ത്യയ്ക്ക് വാങ്ങാന്‍ സാധിക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമാനമായ രീതിയില്‍ ഒമാനുമായുള്ള കരാറും നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഇന്ത്യ ഒമാനില്‍ നിന്ന് 790 കോടി ഡോളറിന്റെ ചരക്കുകളാണ് ഇറക്കുമതി ചെയ്തത്. 460 കോടിക്കും വാങ്ങിയത് പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. ഈ ചരക്കുകള്‍ക്കാണ് നികുതി ഇളവ് ഇന്ത്യ പരിഗണിക്കുന്നത്. ഇന്ത്യ ഒമാനില്‍ നിന്ന് ഇറക്കുന്നതിന്റെ 73 ശതമാനം പെട്രോളിയം ഉല്‍പ്പന്നങ്ങളും യൂറിയയുമാണ്. അതേസമയം, ഒമാന്‍ ഇന്ത്യയില്‍ നിന്ന് 450 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയെന്നണ് കണക്ക്.

0 മുതല്‍ 100 ശതമാനം വരെയാണ് ഒമാനിലെ ഇറക്കുമതി നികുതി. സ്വതന്ത്ര്യ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ മിക്ക ചരക്കുകളും അഞ്ച് ശതമാനം നികുതിയില്‍ ഇറക്കാന്‍ സാധിക്കും. ഇത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകുമെന്ന് വിലയിരുത്തുന്നു. യുഎഇയുമായി കരാര്‍ ഒപ്പുവച്ച മാതൃകതയില്‍ തന്നെയാണ് ഒമാനുമായും കരാര്‍ വരുന്നത്.

യുഎഇയും ഇന്ത്യയും തമ്മില്‍ പ്രാദേശിക കറന്‍സിയില്‍ ഇടപാട് നടത്താന്‍ സാധിച്ചത് വലിയ നേട്ടമായിരുന്നു. ഇതിലേക്ക് നയിച്ചത് വ്യാപാര കരാര്‍ ആണ്. ഒമാനുമായും രൂപയില്‍ വ്യാപാരം സാധ്യമായാല്‍ ഇന്ത്യയ്ക്ക് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സാധിക്കും. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ത്താനും കഴിയും. എണ്ണ ഉല്‍പ്പന്നങ്ങള്‍ക്ക് രൂപയില്‍ ഇടപാട് നടത്താന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.

STORY HIGHLIGHTS:India and Oman are gearing up for a big step in trade.

Related Articles

Back to top button