13ാമത് ‘ടൂര്‍ ഓഫ് ഒമാൻ ഫെബ്രുവരി 10ന്
മസ്കറ്റ് :ഒമാന്‍റെ തെരുവുകള്‍ക്ക് ആവേശക്കാഴ്ചകള്‍ സമ്മാനിച്ച് 13ാമത് ‘ടൂര്‍ ഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരം ഫെബ്രുവരി 10ന് തുടങ്ങുമെന്ന് സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം (എം.സി.എസ്.വൈ) അറിയിച്ചു.
പ്രശസ്തരായ അന്തര്‍ദേശീയ താരങ്ങള്‍ മത്സരത്തിന്‍റെ ഭാഗമാകും. അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെയായിരിക്കും മത്സരങ്ങള്‍ പുരോഗമിക്കുക.
മത്സരത്തിന്‍റെ റൂട്ടുകള്‍ തീരുമാനിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് സംഘാടകര്‍ തുടക്കമിട്ടുണ്ട്. ഘട്ടങ്ങളുടെ റൂട്ടുകളും ദൂരവും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. പ്രധാന മത്സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന മസ്കത്ത് ക്ലാസിക് ടൂര്‍ ഇത്തവണയും ഉണ്ടാകും. കഴിഞ്ഞ വര്‍ഷമാണ് ഇത് ആരംഭിച്ചത്.
യൂറോപ്പ്, ഏഷ്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള 18 പ്രമുഖ അന്താരാഷ്ട്ര ടീമുകള്‍ പങ്കെടുത്ത മുൻ വര്‍ഷത്തെക്കാള്‍ 2024ല്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏഴ് റൈഡര്‍മാര്‍ അടങ്ങുന്ന ദേശീയ സൈക്ലിങ് ടീം ടൂര്‍ ഓഫ് ഒമാൻ 2024 ല്‍ പങ്കെടുക്കും. ഇവര്‍ അന്താരാഷ്ട്ര ടീമുകളുമായും റൈഡര്‍മാരുമായും മത്സരിക്കുകയും ഇതില്‍നിന്ന് അനുഭവം ഉള്‍ക്കൊള്ളുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 2010ലാണ് ടൂര്‍ ഓഫ് ഒമാനിന്റെ ആദ്യ പതിപ്പ് നടന്നത്.
STORY HIGHLIGHTS:13th ‘Tour of Oman’ on February 10